ശ്രീനഗര്‍(ജമ്മുകശ്‌മീര്‍): പുല്‍വാമയില്‍ തീവ്രവാദികളും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൂന്ന് ഭീകരരില്‍ ഒരു ശ്രീനഗര്‍ സ്വദേശിയും ഉള്‍പ്പെട്ടതായി പൊലിസ് അറിയിച്ചു. ശ്രീനഗരിലെ ഖന്യാര്‍ സ്വദേശിയായ നാഗിഷ് വാനി അലിയസ് ഹൈദറാണ് കൊല്ലപ്പെട്ടത്. ഒരാഴ്‌ച മുമ്പാണ് വാനി ഭീകര സംഘടനയില്‍ ചേര്‍ന്നത്.
തീവ്രവാദി സംഘടനകള്‍ സ്വന്തം ലക്ഷ്യങ്ങള്‍ക്കായി യുവാക്കളെ ചൂഷണം ചെയ്യുകയാണെന്ന് ശ്രീനഗര്‍ പൊലിസ് പറഞ്ഞു. പുല്‍വാമ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) ഡെപ്യൂട്ടി കമാൻഡറും ഒരു പാക് ഭീകരനും ഉൾപ്പെടെ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി കശ്‌മീര്‍ പൊലിസ് ഞായറാഴ്‌ച അറിയിച്ചിരുന്നു.
തുടര്‍ന്നാണ് കൊല്ലപ്പെട്ട ഭീകരര്‍ ലഷ്‌കർ ഇ ടിയുടെ ഡെപ്യൂട്ടി കമാൻഡർ ബാസിത് ആരിഫ് അഹമ്മദ് ഹസാർ എന്ന റെഹാൻ, പാകിസ്ഥാൻ ഭീകരൻ അബു ഹുസൈഫ എന്ന ഹഖാനി, ശ്രീനഗർ ഖാൻയാറിൽ താമസിക്കുന്ന ഹൈദർ എന്ന നതീഷ് വാനി എന്നിവരാണെന്ന് തിരിച്ചറിഞ്ഞത്. ജില്ലയിലെ പാഹൂ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയ സംഘത്തിന് നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.