കേരളം

kerala

ETV Bharat / bharat

ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ്; സൈന്യം ജനങ്ങളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് മെഹ്ബൂബ മുഫ്തി - കശ്‌മീര്‍ തെരഞ്ഞെടുപ്പ്

സുരക്ഷാ സേന ഷോപിയാനിലെ മാട്രിബഗ് ഗ്രാമത്തെ വളഞ്ഞിരിക്കുകയാണെന്നും ജനങ്ങളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്നുമാണ് ആരോപണം

J-K DDC polls  Mufti against army  army latest news  കശ്‌മീര്‍ തെരഞ്ഞെടുപ്പ്  മെഹ്‌ബൂബ മുഫ്തി
ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ്; സൈന്യം ജനങ്ങളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് മെഹ്ബൂബ മുഫ്തി

By

Published : Dec 10, 2020, 12:53 PM IST

ശ്രീനഗർ:ജമ്മു കശ്മീരിലെ ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സൈന്യത്തിനെതിരെ വിമര്‍ശനവുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) മേധാവി മെഹ്ബൂബ മുഫ്തി. സുരക്ഷാ സേന ഷോപിയാനിലെ മാട്രിബഗ് ഗ്രാമത്തെ വളഞ്ഞിരിക്കുകയാണെന്നും ജനങ്ങളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്നുമാണ് ആരോപണം. മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചെന്ന് പറഞ്ഞ് സുരക്ഷാ സേന ഷോപ്പിയാനിലെ മാട്രിബഗിനെ വളഞ്ഞിരിക്കുന്നു, വോട്ടുചെയ്യാൻ ആളുകളെ അനുവദിക്കുന്നില്ല- മുഫ്തി ട്വീറ്റ് ചെയ്തു.

അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ തങ്ങള്‍ക്ക് അനുകൂലമാക്കാൻ ചിലര്‍ സായുധ സേനയെ ഉപയോഗിക്കുന്നുവെന്ന് മുഫ്തി ട്വീറ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്നും മുൻ മുഖ്യമന്ത്രി കൂടിയായ മുഫ്തി ബുധനാഴ്‌ച ആരോപണം ഉന്നയിച്ചിരുന്നു. "രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നാം തവണയാണ് നിയമവിരുദ്ധമായി എന്നെ തടങ്കലിൽ വെച്ചിരിക്കുന്നത്. മേഖലയില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നാണ് പറയുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെ എങ്ങനെയാണ് ബിജെപി നേതാക്കള്‍ കശ്മീരിൽ സ്വതന്ത്രമായി പ്രചാരണം നടത്തുന്നത്" - മുഫ്തി ട്വീറ്റ് ചെയ്തു.

ജമ്മുവിലെ 20 ഡിവിഷനിലേക്കും കശ്മീരിലെ 17 ഡിവിഷനുകളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 58 സർപഞ്ച്, 218 പഞ്ച് സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്. കശ്മീർ ഡിവിഷനിലെ 17 ഡിഡിസി നിയോജകമണ്ഡലങ്ങളിൽ 30 വനിതകളടക്കം 155 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. ജമ്മുവിൽ 40 വനിതകളടക്കം 144 പേർ മത്സരരംഗത്തുണ്ട്. എട്ട് ഘട്ടങ്ങളിലായാണ് ഡി‌ഡി‌സി തെരഞ്ഞെടുപ്പ്. ഡിസംബർ 19നാണ് അവസാന ഘട്ടം. വോട്ടെണ്ണൽ ഡിസംബർ 22 ന് നടക്കും.

ABOUT THE AUTHOR

...view details