ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ദേശീയ എക്‌സിക്യൂട്ടിവ് യോഗം ഐകകണ്ഠേനയാണ് പ്രമേയം പാസാക്കിയത്.
തൊഴിലില്ലായ്‌മ, സാമ്പത്തിക മാന്ദ്യം, കർഷക പ്രശ്‌നം, രാജ്യത്തിന്‍റെ വസ്തുവകകളുടെ വിൽപ്പന തുടങ്ങിയ വിഷയത്തില്‍ കേന്ദ്രത്തിനെതിരായ പോരാട്ടം കടുപ്പിക്കാനും ഗോവയിൽ സംഘടിപ്പിച്ച യോഗം തീരുമാനിച്ചു. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് പ്രമേയത്തിന്‍റെ പകര്‍പ്പ് ട്വിറ്ററില്‍ പങ്കുവെച്ചു.
വരും ദിവസങ്ങളിൽ രാജ്യത്തിന്‍റെ പൊതുതാൽപ്പര്യം സംരക്ഷിക്കുന്ന എല്ലാ വിഷയങ്ങളിലും യൂത്ത് കോൺഗ്രസ് തെരുവിൽ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. 2017 ലാണ് സോണിയ ഗാന്ധിയില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഏറ്റെടുത്തത്.
2019ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു അദ്ദേഹം. നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാത്തവര്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് സ്ഥാനമൊഴിഞ്ഞ ശേഷം രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
ALSO READ:ഇംഗ്ളീഷ് പ്രതിരോധം തകർത്ത് ഓവലില്‍ ഇന്ത്യൻ വിജയഗാഥ, പരമ്പരയില്‍ മുന്നില്‍