ന്യൂഡൽഹി: ഏഴാമത് അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ ലഡാക്കിൽ 18,000 അടി ഉയരത്തിൽ യോഗ ചെയ്‌ത് ഇൻഡോ -ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി). കൂടാതെ ഹിമാചലിൽ 16,000 അടിയിലും ലഡാക്കിലെ പാങ്കോങിൽ 14,000 അടി ഉയരത്തിലും ഐടിബിപി ഉദ്യോഗസ്ഥർ യോഗ ചെയ്‌തു. ഇന്ത്യയിലെ അഞ്ച് കേന്ദ്ര സായുധ പൊലീസ് സേനകളിൽ ഒന്നാണ് ഐടിബിപി.
read more:'കൊവിഡ് കാലത്ത് യോഗ പ്രതീക്ഷയുടെ കിരണം', പ്രധാനമന്ത്രി
ചൈനയുടെ ടിബറ്റൻ സ്വയംഭരണ പ്രദേശത്ത് ഇന്ത്യയുടെ അതിർത്തി നിരീക്ഷിക്കുന്ന അതിർത്തി പട്രോളിംഗ് സംഘടനയാണ് ഇത്. ഇന്തോ-ചൈന അതിർത്തിയിൽ 3,488 കിലോമീറ്റർ വിസ്തൃതിയുള്ള ലഡാക്കിലെ കാരക്കോറം പാസ് മുതൽ അരുണാചൽ പ്രദേശിലെ ജചെപ് ലാ വരെയുള്ള പ്രദേശങ്ങൾ നിരീക്ഷിക്കുന്നത് ഐടിബിപിയാണ്.
എല്ലാ വർഷവും ജൂൺ 21നാണ് രാജ്യത്തുടനീളം അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്നത്. 'യോഗ ഫോർ വെൽനസ്' ആണ് ഈ വർഷത്തെ യോഗ തീം. കൂടാതെ ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി യോഗ പരിശീലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
2014 മുതലാണ് രാജ്യത്ത് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കൽ ആരംഭിച്ചത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ രണ്ട് വർഷമായി അന്താരാഷ്ട്ര യോഗാ ദിന പരിപാടി ടെലിവിഷൻ പ്രോഗ്രാമായാണ് നടത്തുന്നത്.