മുംബൈ:വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ ഇറ്റാലിയന്‍ യുവതി അറസ്‌റ്റില്‍. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്‌താര എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം. പാവോള പെറൂച്ചിയോ എന്ന ഇറ്റാലിയന്‍ യുവതിയാണ് അറസ്‌റ്റിലായത്.
മദ്യപിച്ച് മോശമായി പെരുമാറിയെന്ന ജീവനക്കാരുടെ പരാതിയെ തുടര്‍ന്നാണ് മുംബൈ പൊലീസ് യുവതിയെ അറസ്‌റ്റ് ചെയ്‌തത്. ഇക്കണോമി ടിക്കറ്റെടുത്ത യുവതി തനിക്ക് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കാബിൻ ക്രൂ യുവതിയുടെ ആവശ്യം നിരസിച്ചു.
ഇതോടെ യുവതി കാബിന്‍ ക്രൂ അംഗങ്ങളെ ആക്രമിക്കുകയും തുപ്പുകയും ചെയ്‌തുവെന്നാണ് പരാതി. യുവതി വസ്‌ത്രങ്ങൾ സ്വയം അഴിച്ചുമാറ്റി അര്‍ധനഗ്നയായി വിമാനത്തിലൂടെ നടക്കുകയും ചെയ്‌തു. കാബിന്‍ ക്രൂ അംഗങ്ങളെ അക്രമിച്ചതിനും മോശമായി പെരുമാറിയതിനുമാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
അറസ്‌റ്റ് ചെയ്‌ത യുവതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സ്‌റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് നടപടിക്രമമനുസരിച്ച് സംഭവം ഉന്നതാധികാരികളെ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെ ബാധിക്കുന്ന സംഭവങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് വിസ്‌താര എയര്‍ലൈന്‍ വക്താവ് അറിയിച്ചു.