ഹൈദരാബാദ്:ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന വാദത്തെ എതിര്‍ത്ത് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ജലസംഭരണിയിലെ ജലധാരയുടെ ഭാഗത്തെയാണ് ശിവലിംഗമായി അവകാശപ്പെടുന്നതെന്ന് അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചു. ഭൂരിഭാഗം മുസ്‌ലിം പള്ളികളിലും ഇത്തരത്തില്‍ ജലസംഭരണികളില്‍ ജലധാര ഉണ്ടാവും. ശിവലിംഗം കണ്ടെത്തിയെന്നുള്ള കാര്യം എന്തുക്കൊണ്ട് കോടതി നിയോഗിച്ച കമ്മിഷണര്‍ പറഞ്ഞില്ലെന്നും ഒവൈസി ചോദിച്ചു.
ഗാന്‍വാപി പള്ളി കോമ്പോണ്ടിനോട് ചേര്‍ന്നുള്ള ശൃഗാര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദു വനിതകള്‍ നല്‍കിയ ഹര്‍ജിയിലാണ് വാരണസിയിലെ കോടതി മസ്ജദില്‍ സര്‍വെ നടത്താന്‍ ഉത്തരവിട്ടത്. മൂന്ന് ദിവസമായി നടന്ന സര്‍വെയുടെ അവസാന ദിവസമാണ് മസ്ജദിന്‍റെ ജലസംഭരണിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ അവകാശവാദമുന്നയിച്ചത്. ഇതേതുടര്‍ന്ന് മസ്ജിദിന്‍റെ ഒരു ഭാഗം സീല്‍ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു.