ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആർഒയുടെ എസ്‌എസ്‌എല്‍വി വിക്ഷേപണം ഉടനുണ്ടാകുമെന്ന് ബഹിരാകാശ കമ്മിഷന്‍ അംഗമായ എ.എസ് കിരണ്‍ കുമാര്‍. ചെറു ഉപഗ്രഹങ്ങളെ ഉദ്ദേശിച്ച ഭ്രമണപഥത്തിലെത്തിക്കുന്നതില്‍ വിക്ഷേപണ വാഹനമായ എസ്‌എസ്‌എല്‍വി ഡി1 പരാജയപ്പെട്ടത് തിരിച്ചടിയല്ലെന്നും മുന്‍ ഐഎസ്‌ആർഒ ചെയര്‍മാന്‍ കൂടിയായ എ.എസ് കിരണ്‍ കുമാര്‍ പറഞ്ഞു. എസ്‌എസ്‌എല്‍വി ഡി1ദൗത്യം പരാജയമായത് സംബന്ധിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പ്രതികരിക്കുകയായിരുന്നു കിരണ്‍ കുമാര്‍.
'ഇതൊരിക്കലും തിരിച്ചടിയല്ല, അവസാന ഘട്ടത്തില്‍ സംഭവിച്ച ചെറിയ പിഴവ് മാത്രമാണ്. വിക്ഷേപണത്തിന്‍റെ മൂന്ന് ഘട്ടങ്ങളിലും വളരെ മികച്ച പ്രകടനമാണ് എസ്‌എസ്‌എല്‍വി ഡി1 കാഴ്‌ച വച്ചത്. വിക്ഷേപണ വാഹനത്തിന്‍റെ പ്രാഥമിക ലക്ഷ്യങ്ങള്‍ മികച്ച രീതിയില്‍ തന്നെയാണ് പൂര്‍ത്തീകരിച്ചത്. ചില ഭാഗങ്ങളുടെ നവീകരണം, അതിന്‍റെ പ്രവര്‍ത്തന രീതി എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. പുതിയ വിക്ഷേപണത്തിന് ഉടന്‍ തന്നെ അവര്‍ (ഐഎസ്‌ആർഒ) തയ്യാറാകും,' കിരണ്‍ കുമാർ വ്യക്തമാക്കി.
അന്തിമ ഘട്ടത്തിലെ പിഴവ്:എസ്‌എസ്‌എല്‍വി വളരെ പ്രധാനപ്പെട്ട ഒരു ദൗത്യമായിരുന്നുവെന്നും കിരണ്‍ കുമാർ പറഞ്ഞു. 'ഉപഗ്രഹങ്ങളുടെ വലിപ്പം ചെറുതായി കൊണ്ടിരിക്കുകയാണ്. ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണ മാര്‍ക്കറ്റില്‍ ഇന്ത്യയ്ക്ക് ഒരു സ്ഥാനമുണ്ടാക്കാന്‍ എസ്‌എസ്‌എല്‍വിക്ക് സാധിക്കുമായിരുന്നു,' കിരണ്‍ കുമാർ പറഞ്ഞു.
'എല്ലാ ഘട്ടങ്ങളും മികച്ച രീതിയില്‍ തന്നെ പ്രവര്‍ത്തിച്ചു. അന്തിമ ഘട്ടത്തിലാണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. എസ്എസ്എൽവി ഡി1 ഉപഗ്രഹങ്ങളെ 356 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിന് പകരം 356 കിലോമീറ്റർ x 76 കിലോമീറ്റർ ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് എത്തിച്ചത്. ചെറിയൊരു പിഴവ് മാത്രമാണിത്. ഇതേ കുറിച്ച് കൂടുതല്‍ മനസിലാക്കാനുള്ള ഒരു പാഠവുമാണ്,' കിരണ്‍ കുമാർ വ്യക്തമാക്കി.