തിരുപ്പതി:ഐഎസ്‌ആര്‍ഒയുടെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് എസ്‌എസ്‌എല്‍വി ഡി2 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‍ററില്‍ നിന്നും 3 ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഇന്ന് രാവിലെ 9:18നായിരുന്നു റോക്കറ്റിന്‍റെ വിക്ഷപണം.
വിക്ഷേപണം കഴിഞ്ഞ് 15 മിനിട്ട് 24 സെക്കന്‍ഡിനുള്ളില്‍ തന്നെ റോക്കറ്റിലുണ്ടായിരുന്ന മൂന്ന് ഉപഗ്രഹങ്ങളും 450 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കെത്തിച്ചു. ഐഎസ്‌ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-07, യുഎസ് കമ്പനി അന്‍റാറിസ് വികസിപ്പിച്ച ജാനസ്-1, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പായ സ്‌പേസ് കിഡ്‌സ് ഇന്ത്യയുമായി ചേര്‍ന്ന് രാജ്യത്തുടനീളമുള്ള 750 വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ആസാദിസാറ്റ്-2 എന്നീ ഉപഗ്രഹങ്ങളെയാണ് എസ്‌എസ്‌എല്‍വി ഡി2 ഭ്രമണപഥത്തിലെത്തിച്ചത്.