ബെംഗളൂരു: ചന്ദ്രയാന്‍ 3 (Chandrayaan 3) നും ആദിത്യ എല്‍ 1 (Aditya L1) നും പിന്നാലെ ജ്യോതിശാസ്‌ത്രത്തില്‍ ശാസ്‌ത്രീയ അവബോധം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ദൗത്യത്തിനൊരുങ്ങി ഐഎസ്‌ആര്‍ഒ (ISRO). എക്‌സ്‌പോസാറ്റ് (X ray Polarimeter Satellite) എന്നാണ് രാജ്യത്തിന്‍റെ ആദ്യ പോളാരിമെട്രി ദൗത്യത്തിന് (Polarimetry Mission) പേരിട്ടിട്ടുള്ളത്. തീവ്രാവസ്ഥയിലുള്ള ജ്യോതിശാസ്‌ത്ര എക്‌സ് റേ സ്രോതസുകളുടെ ചലനാത്മകതയിലെ വൈവിധ്യം പഠിക്കാനാണ് ഇതുവഴി ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്.
പേടകത്തില്‍ എന്തെല്ലാം: ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തെ ലക്ഷ്യമിടുന്ന പേടകം രണ്ട് പേലോഡുകളാണ് വഹിക്കുന്നത്. ഇതിലെ പ്രൈമറി പേലോഡായുള്ള പോളിക്‌സ് (Polarimeter Instrument in X rays) ജ്യോതിശാസ്‌ത്ര ഉത്ഭവത്തിന്‍റെ എട്ട് മുതല്‍ 30 കിലോ ഇലക്‌ട്രോണ്‍ വോള്‍ട്ട് ഫോട്ടോണുകളുടെ മീഡിയം എക്‌സ് റേ എനർജി ശ്രേണിയിലെ പോളാരിമെട്രി പരാമീറ്ററുകൾ (ധ്രുവീകരണത്തിന്‍റെ ഡിഗ്രിയും കോണും) അളക്കും.
മറ്റൊരു പേലോഡായ എക്‌സ്‌പെക്‌റ്റ് (X ray Spectroscopy and Timing) 0.8 മുതല്‍ 15 കിലോ ഇലക്‌ട്രോണ്‍ വോള്‍ട്ട് പരിധിയിലുള്ള സ്പെക്‌ട്രോസ്കോപ്പിക് വിവരങ്ങൾ ലഭ്യമാക്കുമെന്നാണ് ഐഎസ്ആർഒ വിശദീകരണം. എക്‌സ്‌പോസാറ്റ് (XPoSat) വിക്ഷേപണത്തിന് തയ്യാറാണെന്നും ഐഎസ്‌ആര്‍ഒയിലെ ഉദ്യോഗസ്ഥര്‍ ശനിയാഴ്‌ച (02.09.2023) അറിയിച്ചു.
ദൗത്യം എന്തിന്: സങ്കീർണമായ ഭൗതിക പ്രക്രിയകളിൽ നിന്നാണ് ഉത്ഭവിക്കുന്ന ബ്ലാക്ക്‌ഹോളുകൾ (Blackholes), ന്യൂട്രോൺ നക്ഷത്രങ്ങൾ (Neutron Stars), സജീവ ഗാലക്‌സി ന്യൂക്ലിയൈകൾ (Galactic Nuclei), പൾസാർ വിൻഡ് നെബുലകൾ (Pulsar Wind Nebulae) തുടങ്ങി വിവിധ ജ്യോതിശാസ്‌ത്ര സ്രോതസുകളിൽ നിന്നുള്ള ഉദ്വമന സംവിധാനങ്ങളെ മനസിലാക്കുക എന്ന വെല്ലുവിളിയാണ് എക്‌സ്‌പോസാറ്റ് ഏറ്റെടുക്കുക.