ബെംഗളൂരു :ഗഗന്‍യാന്‍ ദൗത്യത്തിന്‍റെ ഭാഗമായി ഡബ്ല്യുഎസ്‌ടിഎഫ് (വാട്ടര്‍ സര്‍വൈവല്‍ ടെസ്റ്റ് ഫെസിലിറ്റി) പരീക്ഷണങ്ങള്‍ നടത്തി ഐഎസ്‌ആര്‍ഒ. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയും ഇന്ത്യന്‍ നാവിക സേനയും സംയുക്തമായാണ് പരീക്ഷണം നടത്തിയത്. യഥാര്‍ഥ ക്ര്യൂ മൊഡ്യൂളിന്‍റെ പിണ്ഡം, ഗുരുത്വാകർഷണ കേന്ദ്രം, ബാഹ്യ അളവുകൾ, ബാഹ്യഭാഗങ്ങൾ എന്നിവ അനുകരിക്കുന്ന ഒരു ക്ര്യൂ മൊഡ്യൂൾ റിക്കവറി മോഡൽ (CMRM) എന്നിവ കൊച്ചിയിലെ നാവിക സേനയുടെ ഡബ്ല്യുഎസ്‌ടിഎഫ് പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചതായി ബഹിരാകാശ ഏജൻസി അറിയിച്ചു.
എന്താണ് ഡബ്ല്യുഎസ്‌ടിഎഫ് :ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക സൗകര്യമാണ് ഡബ്ല്യുഎസ്‌ടിഎഫ് (വാട്ടര്‍ സര്‍വൈവല്‍ ടെസ്റ്റ് ഫെസിലിറ്റി) എന്നത്. പ്രതികൂല സാഹചര്യങ്ങളില്‍ രക്ഷപ്പെടുന്നതിനും പ്രതിസന്ധി തരണം ചെയ്യുന്നതിനുമുള്ള പരിശീലനങ്ങള്‍ നല്‍കുകയെന്നതാണ് ഡബ്ല്യുഎസ്‌ടിഎഫ്. കടല്‍, ജല സ്രോതസുകള്‍, വിവിധ പാരിസ്ഥിതിക സാഹചര്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് പരിശീലനം നല്‍കുക.
ഗഗന്‍യാന്‍ ദൗത്യത്തിന്‍റെ ക്ര്യൂ മൊഡ്യൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായാണ് പരീക്ഷണങ്ങള്‍ നടത്തിയത്. ഇതിന്‍റെ ഭാഗമായി മൂന്ന് അംഗ സംഘത്തെയാണ് മൂന്ന് ദിവസത്തെ ദൗത്യത്തിനായി തെരഞ്ഞെടുത്തത്. 400 കിലോമീറ്റര്‍ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുകയും അവരെ സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചിറക്കുകയും ചെയ്യുന്നതാണ് പദ്ധതി.
ഗഗന്‍യാനിന്‍റെ വിജയകരമായ പൂര്‍ത്തീകരണത്തിനായാണ് മുഴുവന്‍ ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലുള്ള പരീക്ഷണമെന്നും ക്ര്യൂവിനെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയെന്നത് വളരെയധികം പ്രധാനമാണെന്നും ഐഎസ്‌ആര്‍ഒ പ്രസ്‌താവനയില്‍ പറഞ്ഞു. ഗഗന്‍യാന്‍ ദൗത്യത്തിനിടെയുണ്ടാകാന്‍ സാധ്യതയുള്ള മുഴുവന്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ക്ര്യൂ, ക്ര്യൂ മൊഡ്യൂള്‍ എന്നിവ വീണ്ടെടുക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് സിസ്റ്റം(എസ്‌ഒപി) അന്തിമമാക്കേണ്ടതുണ്ട്.