ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-02നെയും ഒരുകൂട്ടം വിദ്യാർഥികൾ രൂപകൽപന ചെയ്‌ത ആസാദിസാറ്റിനെയും വഹിച്ചുകൊണ്ടുള്ള ഐഎസ്ആർഒയുട ചെറു ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്എസ്എൽവി-ഡി1 ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയർന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നും ഇന്ന് രാവിലെ 9.18നായിരുന്നു വിക്ഷേപണം.
ഇന്ത്യയുടെ ആദ്യത്തെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി. മൂന്ന് ഖര ഇന്ധന ഘട്ടമുള്ള എസ്‌എസ്‌എൽവിക്ക് 34 മീറ്റർ ഉയരവും 120 ടൺ ഭാരവുമുണ്ട്. 500 കിലോഗ്രാം വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ എസ്എസ്എൽവിയിലൂടെ ഭ്രമണപഥത്തിൽ എത്തിക്കാനാകും.
രാജ്യത്തെ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി രാജ്യത്തെ 75 സർക്കാർ സ്‌കൂളുകളിൽ നിന്നുള്ള 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ച ഹാം റേഡിയോ ട്രാൻസ്‌മിറ്റർ, റേഡിയേഷൻ കൗണ്ടർ തുടങ്ങിയ 75 പേലോഡുകൾ ഉൾക്കൊള്ളുന്നതാണ് 'ആസാദിസാറ്റ്'. ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റുകളില്‍ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് എസ്എസ്എല്‍വി നിര്‍മിച്ചിരിക്കുന്നത്.