ശ്രീഹരിക്കോട്ട : ഏഴ് ഉപഗ്രഹങ്ങളുമായി പിഎസ്‌എൽവി സി 56 (PSLV-C56) വിക്ഷേപിച്ചു. ഇന്ന് രാവിലെ 6:30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപണം നടത്തിയത്. സിംഗപ്പൂർ ആസ്ഥാനമായുള്ള ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ വാണിജ്യ വിക്ഷേപണമാണിത്. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള കരാർ പ്രകാരമാണ് ഐഎസ്ആർഒ വിക്ഷേപണം നടത്തിയത്.
റഡാർ ഇമേജിങ് എർത്ത് ഒബ്‌സർവേഷൻ ഉപഗ്രഹമായ ഡിഎസ്-എസ്‌എആർ (DS-SAR) ആണ് ദൗത്യത്തിന്‍റെ പ്രാധാന ഉപഗ്രഹം. 352 കിലോഗ്രാം ആണ് ഇതിന്‍റെ ഭാരം. ഇസ്രായേൽ എയറോസ്‌പേസ് ഇൻഡസ്‌ട്രീസ് വികസിപ്പിച്ചെടുത്ത സിന്തറ്റിക് അപ്പേർച്ചർ റഡാർ വസ്‌തുക്കളുടെ ദ്വിമാന - ത്രിമാന ചിത്രങ്ങൾ പകർത്താനും എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കാനും ശേഷിയുള്ളതാണ്.
പിഎസ്‌എൽവിയുടെ 58-ാമത്തെ ദൗത്യം : ഇതടക്കം സിംഗപ്പൂരിന്‍റെ ഏഴ് ഉപഗ്രഹങ്ങളാണ് പിഎസ്‌എൽവിയുടെ 58-ാമത്തെയും കോർ എലോൺ കോൺഫിഗറേഷനിൽ പിഎസ്എൽവിയുടെ 17-ാമത്തെയും ദൗത്യത്തിലൂടെ ബഹിരാകാശത്തേയ്‌ക്ക് അയക്കുന്നത്. മറ്റ് ആറ് ഉപഗ്രഹങ്ങളിൽ രണ്ടെണ്ണം മൈക്രോ സാറ്റലൈറ്റുകളും നാലെണ്ണം നാനോ സാറ്റലൈറ്റുകളുമാണ്. 24 കിലോഗ്രാം ഭാരമുള്ള ആർക്കേഡ്, 23 കിലോഗ്രാം ഭാരമുള്ള വെലോക്‌സ് എഎം എന്നിവയാണ് മൈക്രോ സാറ്റലൈറ്റുകൾ.
ഇതിൽ, നാല് കിലോഗ്രാം ഭാരമുള്ള സ്‌കൂബ്-2, ഗലാസിയ-2, ന്യൂ ലിയോൺ, അന്താരാഷ്‌ട്ര സഹകരണത്തിൽ വികസിപ്പിച്ച ഓർബി 12 സ്‌ട്രൈഡറുമാണ് മറ്റ് നാനോ സാറ്റലൈറ്റുകൾ. ഭൂമിയിൽ നിന്നും 535 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേയ്‌ക്ക് എല്ലാ ഉപഗ്രഹങ്ങളെയും എത്തിക്കുക എന്നതാണ് ഈ ദൗത്യത്തിന്‍റെ ലക്ഷ്യം. ദൗത്യം വിജയകരമായാൽ സിംഗപ്പൂർ സർക്കാരിന്‍റെ സാറ്റലൈറ്റ് ഇമേജറി ആവശ്യകതകളെ പിന്തുണക്കാൻ ഇത് ഉപയോഗപ്പെടും.
വിക്ഷേപണം കഴിഞ്ഞ് 21 മിനിറ്റ് പിന്നിടുമ്പോഴാണ് ഡിഎസ്-എസ്‌എആർ റോക്കറ്റിൽ നിന്ന് വേർപ്പെടുക. തുടർന്ന് 24 മിനിറ്റ് കഴിയുമ്പോഴേക്കും അവസാന ഉപഗ്രഹവും വേർപ്പെടും. ഐഎസ്‌ആർഒയുടെ 431-ാമത് വിദേശ ഉപഗ്രഹ വിക്ഷേപണവും സിംഗപ്പൂർ സർക്കാരിന് വേണ്ടിയുള്ള നാലാമത്തെ പിഎസ്‌എൽവി വിക്ഷേപണവുമാണിത്.
also read :Gaganyaan | 'ചന്ദ്രയാൻ 3 വിക്ഷേപണ വിജയം ഗഗൻയാൻ ദൗത്യത്തിന് ഊര്‍ജം'; റോക്കറ്റ് എൽവിഎം 3 തന്നെയെന്ന് ഐഎസ്‌ആർഒ
അഭിമാനമായി ചന്ദ്രയാൻ 3 : ജൂലൈ 14 നാണ് ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 പേടകം ഐഎസ്‌ആർഒ വിജയകരമായി വിക്ഷേപിച്ചത്. സതീഷ് ധവാൻ സ്‌പേസ് സെന്‍ററിന്‍റെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് പറന്നുയർന്ന പേടകത്തെ എല്‍വിഎം മാര്‍ക്ക് 3 റോക്കറ്റാണ് (LVM3-M4 rocket ) വഹിച്ചത്. ഇന്ത്യയുടെ ഏറ്റവും ശക്തമായ റോക്കറ്റാണ് എല്‍വിഎം 3. ആഗസ്‌റ്റ് 23 നോ 24 നോ ചന്ദ്രന്‍റെ ദക്ഷിണ ദ്രുവത്തിൽ പേടകം സോഫ്‌റ്റ് ലാൻഡിങ് നടത്തുമെന്നാണ് ഐഎസ്‌ആർഒ പ്രതീക്ഷിക്കുന്നത്.