ബെംഗളൂരു: സിഇ-20 എഞ്ചിന്‍റെ കാര്യക്ഷമത പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിന്‍റെ (ഐപിആർസി) ഹൈ ആൾട്ടിറ്റ്യൂഡ് ടെസ്റ്റ് ഫെസിലിറ്റിയിലായിരുന്നു പരീക്ഷണം. 25 സെക്കൻഡ് നേരമായിരുന്നു പരീക്ഷണ ദൈർഘ്യം.
36 വൺവെബ് ഇന്ത്യ-1 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനായുള്ള LVM3-M3 ദൗത്യത്തിനായി നീക്കിവച്ചിരിക്കുന്ന എഞ്ചിനാണ് സിഇ-20. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) LVM3 റോക്കറ്റിൽ അടുത്ത വർഷം ജനുവരി-ഫെബ്രുവരി സമയത്താകും വൺവെബ് സാറ്റലൈറ്റുകളുടെ അടുത്തഘട്ട വിക്ഷേപണം നടക്കുക എന്നാണ് ലഭ്യമാകുന്ന വിവരം. ഐഎസ്ആർഒയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റാണ് LVM3. നാല് ടൺ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയുടെ താഴ്‌ന്ന ഉപരിതലത്തിലേക്ക് എത്തിക്കാൻ ഇതിന് ശേഷിയുണ്ട്.
LVM3 വിക്ഷേപണത്തിന് സജ്ജം: ലണ്ടൻ ആസ്ഥാനമായുള്ള ഇന്‍റർനെറ്റ് സേവനദാതാക്കളായ വൺവെബിന്‍റെ ആദ്യഘട്ടത്തിലെ 36 ഉപഗ്രഹങ്ങൾ ഒക്‌ടോബർ 23ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്ന് വിക്ഷേപിച്ചിരുന്നു. LVM3 റോക്കറ്റിന്‍റെ ക്രയോജനിക് അപ്പർ സ്റ്റേജ്, LOX-LH2 പ്രൊപ്പല്ലന്‍റ് കോമ്പിനേഷനിൽ പ്രവർത്തിക്കുന്ന CE-20 എഞ്ചിൻ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ശൂന്യതയിൽ നാമമാത്രമായ 186.36kN ത്രസ്റ്റ് (ഒരു വസ്‌തു ഒരേ ദിശയിൽ കറങ്ങുമ്പോൾ അതിനു പുറത്തേക്ക് അനുഭവപ്പെടുന്ന ശക്തി) ആണ് ഈ എഞ്ചിനിൽ ഉണ്ടാകുകയെന്ന് ഐഎസ്ആർഒ അറിയിച്ചു.