ബെംഗളൂരു :ചന്ദ്രയാൻ ദൗത്യവുമായി ബന്ധപ്പെട്ട് എക്‌സിൽ പങ്കിട്ട പോസ്‌റ്റ് നീക്കം ചെയ്‌ത് ഐഎസ്‌ആഒ. ചന്ദ്രയാൻ 2 (Chandrayaan 2) ന്‍റെ ഓർബിറ്റർ ഹൈ-റെസല്യൂഷൻ ക്യാമറ (Orbiter High-Resolution Camera) പകർത്തിയ ചന്ദ്രന്‍റെ രണ്ട് ചിത്രങ്ങളാണ് ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ പുറത്തുവിട്ടത്. ചന്ദ്രയാൻ 3 ന്‍റെ (Chandrayaan 3) വിക്രം ലാൻഡർ ഉൾപ്പെട്ടതും അല്ലാത്തതുമായ രണ്ട് ചിത്രങ്ങളാണ് ഐഎസ്‌ആർഒ (ISRO) ആദ്യം പങ്കുവയ്‌ക്കുകയും പിന്നീട് നീക്കം ചെയ്യുകയും (Deleted) ചെയ്‌തത്.
നിലവിൽ നീക്കം ചെയ്യപ്പെട്ട ചിത്രങ്ങളിൽ ആദ്യത്തേത് ഓഗസ്‌റ്റ് 23 ന് 14.28 നും വിക്രം ലാൻഡറിനൊപ്പമുള്ള ചന്ദ്രന്‍റെ ചിത്രം 22.17 നുമാണ് പകർത്തിയിട്ടുള്ളത്. 'ഞാൻ നിന്നെ നിരീക്ഷിക്കുന്നു' എന്ന് തുടങ്ങുന്ന കുറിപ്പുമായാണ് ഐഎസ്‌ആർഒ ചിത്രങ്ങൾ എക്‌സിലൂടെ (Former Twitter) പുറത്തുവിട്ടത്. എന്നാൽ പോസ്‌റ്റ് അൽപ സമയത്തിനുള്ളിൽ തന്നെ ഐഎസ്‌ആർഒ നീക്കം ചെയ്യുകയായിരുന്നു.
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 ഓഗസ്‌റ്റ് 23 നാണ് ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡിങ് (Soft Laning) നടത്തിയത്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവം (South Pole) തൊട്ട ആദ്യ രാജ്യം കൂടിയാണ് ഇന്ത്യ. പേടകം ചന്ദ്രനിലിറങ്ങിയതിന് പിന്നാലെ വിക്രം ലാൻഡറിൽ (Vikram Lander) നിന്ന് വേർപ്പെട്ട പ്രഗ്യാൻ റോവർ (Pragyan Rover) ചന്ദ്രനിൽ പ്രയാണം ആരംഭിച്ചിരുന്നു. സെക്കന്‍ഡിൽ ഒരു സെന്‍റീമീറ്റർ വേഗതയിലാണ് റോവർ ചന്ദ്രോപരിതലത്തിൽ നീങ്ങുന്നത്.