ന്യൂഡല്‍ഹി: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കുന്നതില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇന്‍റലിജന്‍സ് ബ്യൂറോ മുന്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ ആര്‍ ബി ശ്രീകുമാര്‍ ഉള്‍പ്പടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ വ്യക്തിഗതമായി പരിഗണിക്കാന്‍ കേസ് വീണ്ടും കേരള ഹൈക്കോടതിയിലേക്ക് മാറ്റിയ സുപ്രീം കോടതി നാല് ആഴ്‌ചയ്‌ക്കകം ഹര്‍ജികളില്‍ തീര്‍പ്പുണ്ടാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ പൊലീസ് ഉദ്യോഗസ്ഥരായ എസ് വിജയൻ, തമ്പി എസ് ദുർഗ ദത്ത്, വിരമിച്ച ഇന്‍റലിജൻസ് ഉദ്യോഗസ്ഥൻ പി എസ് ജയപ്രകാശ് എന്നിവർക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ദേശീയ പ്രാധാന്യമുള്ള കേസിലെ വസ്‌തുതകള്‍ കണ്ടെത്താന്‍ പ്രതിപ്പട്ടികയിലുള്ളവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. ഗുരുതരമായ ആരോപണങ്ങളാണ് പ്രതികള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.