വാഷിങ്ടണ്‍: ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയയുടെ ഏറ്റവും മാരകമായ രൂപം പ്രാപിക്കുകയാണെന്ന് വിഖ്യാത ഭാഷാ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ നോം ചോംസ്‌കി. രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം.
ആംനെസ്റ്റി ഇന്‍റർനാഷണൽ യു.എസ്.എ, ജെനോസൈഡ് വാച്ച്, ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ ഉൾപ്പെടെ പതിനേഴോളം സംഘടനകൾ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇന്ത്യയിൽ വിദ്വേഷ പ്രസംഗവും അക്രമവും രൂക്ഷമാകുന്നു' എന്ന വിഷയത്തിൽ സംസാരിക്കയായിരുന്നു നോം ചോംസ്‌കി.
നരേന്ദ്രമോദി സർക്കാർ ഇന്ത്യയുടെ സെക്യുലറിസത്തെ തകർക്കുകയാണെന്നും രാജ്യത്തെ ഒരു ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്നും നോം ചോംസ്‌കി വിമർശിച്ചു. 250 ദശലക്ഷം വരുന്ന മുസ്‌ലിം വിഭാഗം പീഡിത ന്യൂനപക്ഷമായി മാറിയിരിക്കുകയാണ്. സ്വാതന്ത്ര്യ ചിന്തകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾ വർധിക്കുകയാണെന്നും ഇത്തരത്തിലുള്ള ആക്രമണങ്ങൾ മറ്റ് മേഖലകളിലേക്ക് വികസിക്കുകയാണെന്നും നോം ചോംസ്‌കി പറഞ്ഞു. പലസ്‌തീന് സമാനമായ രീതിയിലാണ് സൈന്യത്തിന്‍റെ നിയന്ത്രണത്തിലുള്ള കശ്‌മീരെന്നും നോം ചോംസ്‌കി കൂട്ടിച്ചേർത്തു. '
ആരാണ് നോം ചോംസ്കി?
നോം അബ്രഹാം ചോംസ്കി ഫിലാഡൽഫിയയിൽ (യുഎസ്എ) 1928 ഡിസംബര്‍ 7ന് ജനിച്ചു. ലോകപ്രശസ്തനായ ഭാഷാ ശാസ്ത്രജ്ഞനനും രാഷ്ട്രീയ തത്വചിന്തകനും വിമര്‍ശകനുമായി അറിയപ്പെടുന്നു. ഭാഷാശാസ്ത്രത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായി കരുതപ്പെടുന്ന പ്രജനകവ്യാകരണം എന്ന സരണിയുടെ സ്രഷ്ടാവാണ് ഇദ്ദേഹം. ഔപചാരിക ഭാഷകളുടെ വിഭാഗീകരണത്തിന് വ്യക്തമായ മാനദണ്ഡങ്ങള്‍ നിര്‍വ്വചിച്ചതും ഇദ്ദേഹമാണ്. അറുപതുകളിലെ വിയറ്റ്‌നാം യുദ്ധത്തെ ശക്തമായി വിമര്‍ശിച്ചതു മുതല്‍ അമേരിക്കയുടെ വിദേശനയത്തിന്‍റെ വരെ വിമര്‍ശകനാണ് ചോംസ്‌കി.
വിവിധ ശാസ്ത്രമേഖലകളിലെ സംഭാവനകളെക്കാളും ശക്തമായ രാഷ്ട്രീയ നിലപാടുകളിലൂടെയാണ് ചോംസ്‌കി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷക്കാരനായാണ് ചോംസ്‌കി വിലയിരുത്തപ്പെടുന്നത്. എല്ലാകാലത്തും ഇസ്രേയലിന്‍റെ കടുത്ത വിമര്‍ശകനായ ചോംസ്‌കി പലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ജെ.എന്‍.യുവിലെ വിദ്യാര്‍ഥി സമരം ഉള്‍പ്പെടെ ഭരണകൂടങ്ങള്‍ക്കെതിരെ ലോകത്താകമാനം നടക്കുന്ന എല്ലാ ജനാധിപത്യ മുന്നേറ്റങ്ങളെയും പിന്തുണയ്ക്കാന്‍ ഈ പ്രായത്തിലും ചോംസ്‌കി തയ്യാറാവാറുണ്ട്.
ALSO READ:സൈനികന്‍റെ സ്വവർഗ പ്രണയ സിനിമയ്ക്ക് അനുമതിയില്ല; വിശദീകരിച്ച് പ്രതിരോധ സഹമന്ത്രി