ലക്‌നൗ:കർണാടകയിലെ ഹിജാബ് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ, ഇസ്‌ലാമിക് സെന്‍റര്‍ ഓഫ് ഇന്ത്യയിലെ (ഐസിഐ) പുരോഹിതന്മാർ വിവിധ മതമേധാവികളുമായി സർവമത സമ്മേളനം നടത്തും. വിദ്യാർഥികളെ ഹിജാബ് ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകുന്നത് തടയുന്നത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് ഐസിഐ ചൂണ്ടികാട്ടി.
'ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 25 അനുസരിച്ച് ഓരോ പൗരനും ഇഷ്‌ടാനുസരണം മതം ആചരിക്കാന്‍ അവകാശമുണ്ട്. വിദ്യാർഥികളെ ഹിജാബ് ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകുന്നത് തടയുന്നത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണ്,' ഐസിഐ മേധാവി മൗലാന ഖാലിദ് റാഷിദ് ഫരംഗി മഹലി പറഞ്ഞു.
രാജ്യത്തിന്‍റെ ഭാവി, സമാധാനം, ക്ഷേമം എന്നിവയ്‌ക്കായി വിദ്വേഷത്തിനെതിരെ പൊതുവായി ഒരു പരിഹാരം കണ്ടെത്തുന്നതിനായി വിവിധ മതമേധാവികളുടെ ഒരു സർവമത സമ്മേളനം നടത്താൻ തീരുമാനിച്ചതായി ഐസിഐ തലവൻ മൗലാന ഖാലിദ് റാഷിദ് ഫരംഗി മഹലി വ്യക്തമാക്കി.