തിലക് മൈതാൻ:ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ ഫൈനലിൽ പ്രവേശിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ജംഷദ്‌പൂർ എഫ്‌സിക്കെതിരായ രണ്ടാം പാദ സെമി ഫൈനല്‍ മത്സരം സമനിലയിൽ കലാശിച്ചതിനെത്തുടർന്നാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് യോഗ്യത നേടിയത്. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഇതോടെ ആദ്യ പാദത്തിലെ ഗോൾ കേരളത്തിലെ രക്ഷിക്കുകയായിരുന്നു.
ഇതോടെ ഇരു പാദങ്ങളിലുമായി ബ്ലാസ്റ്റേഴ്‌സ് 2-1 ന്‍റെ വിജയം നേടി. ഐഎസ്‌എല്ലിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ മൂന്നാം ഫൈനലാണിത്. ഒട്ടനവധി അവസരങ്ങൾ മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സിനെ തേടിയെത്തിയെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാൻ മഞ്ഞപ്പടയ്‌ക്കായില്ല. ആദ്യ പകുതിയിൽ ഗോളെന്നുറച്ച രണ്ട് അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമായത്.
ഇതിന്‍റെ നിരാശയിൽ നിന്നിരുന്ന ആരാധകർക്ക് മുന്നിലേക്കാണ് 18-ാം മിനിട്ടില്‍ ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണയുടെ ആദ്യ ഗോൾ പിറന്നത്. ഇടതു വിങ്ങില്‍ നിന്ന് ആല്‍വാരോ വാസ്‌കസ് നല്‍കിയ പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക് മനോഹരമായി ലൂണ എത്തിക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതി ഒരു ഗോളിന്‍റെ ലീഡുമായി ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചു.
ALSO READ:'പിഎസ്‌എൽ വളർന്നാൽ ആരാണ് ഐപിഎല്ലിലേക്ക് പോകുന്നതെന്ന് കാണണം'; വെല്ലുവിളിയുമായി റമീസ് രാജ
എന്നാൽ ആദ്യ ഗോൾ വീണതോടെ രണ്ടാം പകുതിയിൽ ജംഷദ്‌പൂർ ഉണർന്നുകളിച്ചു. ഇതിന്‍റെ ഫലമായി 50-ാം മിനിട്ടിൽ പ്രൊനെ ഹാൽഡറിലൂടെ ജംഷദ്‌പൂർ സമനില ഗോളും നേടി. പിന്നാലെ ബ്ലാസ്റ്റേഴ്‌സും മത്സരത്തിൽ പിടിമുറുക്കി. തുടർന്ന് ഒട്ടനവധി അവസരങ്ങൾ ഇരു ടീമുകളും സൃഷ്‌ടിച്ചെങ്കിലും ഒന്നും ഗോളുകളാക്കി മാറ്റാൻ സാധിച്ചില്ല.