മഡ്‌ഗാവ്: 'ആറ് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം' എന്ന മോഹൻലാലിന്‍റെ മാസ് ഡയലോഗ് പോലെ ആറ് വർഷത്തിന് ശേഷം ഐഎസ്‌എൽ ഫൈനൽ എന്ന സ്വപ്‌ന നേട്ടത്തിലേക്ക് കുതിച്ചെത്തിയിരിക്കുകയാണ് കേരളത്തിന്‍റെ കൊമ്പൻമാർ. കഴിഞ്ഞു പോയ സീസണുകളുടെ കടം തീർത്ത്, കലിപ്പടക്കി, കന്നിക്കിരീടം സ്വന്തമാക്കി ആറാടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങിക്കഴിഞ്ഞു.
ഗോവയിലെ വാസ്‌കോ തിലക് മൈതാൻ സ്റ്റേഡിയത്തില്‍ രണ്ട് പാദങ്ങളിലായി നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ജംഷദ്‌പൂർ എഫ്‌സിയെ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരുന്ന ആ ദിനത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ഓടിയെത്തിയത്. ഇനി ഈ മാസം 20ന് നടക്കുന്ന കലാശപ്പോരില്‍ ജയിച്ചുകയറിയാല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം ആരാധകർക്കും ആറാടി തിമിർക്കാം.
ക്യാപ്റ്റന്‍റെ ഗോൾ
ഇന്ന് നടന്ന രണ്ടാം പാദ സെമിഫൈനലില്‍ 18-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി നായകൻ അഡ്രിയാന്‍ ലൂണ വല ചലിപ്പിച്ചപ്പോൾ ആരാധകർ ആർപ്പുവിളിച്ചു. അതായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയ നിമിഷം. പിന്നീട് ഒരു ഗോൾ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവരാൻ ജംഷദ്‌പൂർ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് ടിക്കറ്റെടുത്ത് കഴിഞ്ഞിരുന്നു.
സഹലിന്‍റെ പരിക്ക്
സൂപ്പർ താരം സഹൽ അബ്‌ദുൾ സമദ് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നത്തെ മത്സരത്തിനിറങ്ങിയത്. പരിക്കുമൂലമാണ് താരത്തിന് പുറത്തിരിക്കേണ്ടിവന്നത്. ഇത് തുടക്കത്തിൽ ആരാധകരെ നിരാശയിലാഴ്‌ത്തിയെങ്കിലും ആദ്യ ഗോളിലൂടെ നായകൻ അഡ്രിയാന്‍ ലൂണ ടീമിനെ ആവേശക്കൊടുമുടിയിലെത്തിച്ചു. ഫൈനലിൽ സഹൽ ടീമിലേയ്‌ക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് ഏവരുടേയും പ്രതീക്ഷ.