വിജയത്തോടെ ഫോമിലേക്ക് തിരിച്ചുവരാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. അവസാന മത്സരത്തില്‍ ബംഗളൂരു എഫ്.സിയോട് പൊരുതിത്തോറ്റ ബ്ലാസ്‌റ്റേഴ്‌സിന് ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇന്ന് വിജയം അനിവാര്യമാണ്.
പോയിന്‍റ് പട്ടികയില്‍ അവസാനസ്‌ഥാനത്തുള്ള നോര്‍ത്ത്ഈസ്റ്റിനെ അനായാസം തോല്‍പ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്. നോർത്ത്ഈസ്റ്റ് അവരുടെ കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ഹൈദരാബാദിനോട് പരാജയപ്പെട്ടതും ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ നല്‍കുന്നു.
കൊവിഡ് കാരണം രണ്ട് ആഴ്‌ചയിലധികം പരിശീലനം മുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് ബംഗളൂരുവിനെതിരെ ഇറങ്ങുന്നതിന് മുൻപ് കുറച്ച് ദിവസമേ പരിശീലനം നടത്താൻ സാധിച്ചിരുന്നുള്ളൂ. എന്നിട്ടും ബംഗളൂരു എഫ്.സിക്കെതിരേ മികച്ച പോരാട്ടം പുറത്തെടുക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്നത്തെ മത്സരത്തിന് ബ്ലാസ്‌റ്റേഴ്‌സ് ഏറെക്കുറെ ഒരുങ്ങിയിട്ടുണ്ട്.
നിലവില്‍ 12 മത്സരങ്ങളിൽ നിന്ന് 20 പോയിന്‍റുള്ള ബ്ലാസ്‌റ്റേഴ്‌സ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണുള്ളത്. അതിനാല്‍ ഇനിയുള്ള ജയങ്ങള്‍ കൊമ്പന്‍മാര്‍ക്ക് ആദ്യ നാലില്‍ സ്‌ഥാനം ഉറപ്പാക്കാനാവും.ഇന്ന് വിജയിച്ചാൽ പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനും ബ്ലാസ്‌റ്റേഴ്‌സിന് കഴിയും.
ALSO READ:ISL :സെൽഫ് ഗോൾ തുണയായി ; എടികെ മോഹൻ ബഗാൻ മുംബൈ സിറ്റി മത്സരം സമനിലയിൽ