ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ മൂന്നിന്‍റെ വിക്ഷേപണം ടെലിവിഷനില്‍ കണ്ടപ്പോഴാണ് ആ കുട്ടികള്‍ക്ക് ബഹിരാകാശ വിക്ഷേപണ കേന്ദ്രം കാണണമെന്ന മോഹമുദിച്ചത്. ഇതൊക്കെ നിര്‍മ്മിക്കുന്നത് എങ്ങനെയാണെന്ന് അറിയണമെന്ന മോഹവും അവരില്‍ ഉണര്‍ന്നു. അവരുടെ ആ ആഗ്രഹത്തിനൊപ്പം നിന്നു അവരുടെ രക്ഷിതാക്കള്‍. ഇതിലെന്താണ് ഇത്ര പുതുമയെന്നല്ലേ? ഈ കുട്ടികള്‍ ആരെന്നറിഞ്ഞാല്‍ ഈ ചോദ്യം ഉണ്ടാകില്ല (ISRO).
തെലങ്കാനയിലെ ഹൈദരാബാദ് ജില്ലയിലെ ശിശുവിഹാറില്‍ നിന്നുള്ള 200 കുട്ടികളാണ് കഴിഞ്ഞ ദിവസം സതീഷ് ധവാന്‍ സ്പെയ്സ് സെന്‍റര്‍ സന്ദര്‍ശിച്ചത്. ശിശുവിഹാറിലെ അന്തേവാസികളായ ഇരുനൂറ് പേരും അനാഥരാണ്. പക്ഷേ ഇവര്‍ എഞ്ചിനീയറിംഗ്, ഡിപ്ലോമ, ഡിഗ്രി, പ്ലസ്ടു തലങ്ങളില്‍ പഠിക്കുന്നു. തെലങ്കാന വനിത ശിശുക്ഷേമ കമ്മീഷണര്‍ വകതി കരുണയും ഹൈദരാബാദ് ജില്ലാ കളക്ടര്‍ അനുദീപ് ദുരിഷെട്ടിയുമാണ് കുട്ടികളുടെ ആഗ്രഹം സഫലമാക്കിയത്. (Satheesh dhawan space centre)
കുട്ടികള്‍ക്ക് വിക്ഷേപണം കേന്ദ്രം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുക മാത്രമല്ല സതീഷ് ധവാന്‍ സ്പെയ്സ് സെന്‍റര്‍ നല്‍കിയത്. ഇവിടെ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ തികച്ചും സൗജന്യമായി ചെയ്ത് കൊടുക്കുകയും ചെയ്തു. തിരുപ്പതി ജില്ലയിലെ വിക്ഷേപണത്തറയിലേക്ക് ഇവരെ കൊണ്ടുവന്നത് വനിതാ ശിശുക്ഷേമ വകുപ്പ് മേധാവി അക്കീശ്വര റാവുവും ജീവനക്കാരുമാണ് (Telengana sisuvihar inmates).