ദുബായ് : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ആവേശകരമായ ക്വാളിഫയർ മത്സരങ്ങൾക്ക് തുടക്കം. ഒന്നാം ക്വാളിഫയറിൽ കരുത്തരായ ഡൽഹി ക്യാപ്പിറ്റൽസും ചെന്നൈ സൂപ്പർ കിങ്സും ദുബായില്‍ ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ ചെന്നൈ നായകൻ എംഎസ് ധോണി ബൗളിങ് തെരഞ്ഞെടുത്തു.
ഒന്നും രണ്ടും സ്ഥാനക്കാരുടെ പോരാട്ടം
ആദ്യ ക്വാളിഫയറില്‍ പോയിന്‍റ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളവരാണ് ഏറ്റുമുട്ടുന്നത്. ഇന്ന് ജയിക്കുന്നവർ നേരിട്ട് ഫൈനലിലെത്തും. പരാജയപ്പെടുന്നവർ രണ്ടാം ക്വാളിഫയറില്‍ ജയിക്കുന്നവരുമായി ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിൽ രണ്ട് തവണയും ചെന്നൈയെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഡൽഹി ഇന്നിറങ്ങുന്നത്. എന്നാൽ പരാജയങ്ങൾക്കുള്ള മറുപടി അതേ നാണയത്തിൽ തിരിച്ച് നൽകാനാകും ചെന്നൈ ഇന്ന് ശ്രമിക്കുക.
ലീഗ് മത്സരങ്ങളിലെ സൂപ്പർ ടീമുകൾ
വമ്പൻമാർ നേർക്കുനേർ വന്ന 14 മത്സരങ്ങളിൽ നിന്ന് 10 വിജയവും നാല് തോൽവിയുമുൾപ്പെടെ 20 പോയിന്‍റുമായാണ് ഡൽഹി ഒന്നാം സ്ഥാനത്തേക്കെത്തിയത്. 14 മത്സരങ്ങളിൽ നിന്ന് തന്നെ ഒൻപത് വിജയവും അഞ്ച് തോൽവിയുമുൾപ്പെടെ 18 പോയിന്‍റാണ് രണ്ടാം സ്ഥാനത്തുള്ള ചെന്നൈക്കുള്ളത്. തുടർവിജയങ്ങൾക്ക് ശേഷം അവസാനത്തെ മൂന്ന് മത്സരങ്ങളിൽ തുടരെയുള്ള തോൽവിയാണ് ചെന്നൈക്ക് തിരിച്ചടിയായത്.
ഇരുവരും ഇതുവരെ 25 മത്സരങ്ങളിലാണ് നേർക്കുനേർ വന്നത്. ഇതിൽ 15 തവണ ചെന്നൈ വിജയിച്ചപ്പോൾ 10 തവണ ഡൽഹി വിജയിച്ചു. എന്നാൽ നിലവിലെ ഫോം പരിശോധിക്കുമ്പോൾ ചെന്നൈയെക്കാൾ വ്യക്‌തമായ മുൻതൂക്കം ഡൽഹിക്ക് തന്നെയാണ്. എന്നാൽ ഡൽഹിയോടൊപ്പം പിടിച്ചുനിൽക്കാൻ കഴിയുന്ന ശക്തമായ നിര തന്നെയാണ് ചെന്നൈക്കുമുള്ളത്.
മികച്ച ഫോമില്‍ ഡല്‍ഹി
മികച്ച ഫോമിൽ അവസരത്തിനൊത്തുയരുന്ന ബാറ്റർമാരും ബോളർമാരുമാണ് ഡൽഹിയുടെ കരുത്ത്. ഓപ്പണിങ്ങിൽ ശിഖർ ധവാനും പൃഥ്വി ഷായും മികച്ച തുടക്കം നൽകിയാൽ ഡൽഹിക്ക് മികച്ച സ്കോർ പടുത്തുയർത്താനാകും. എന്നാൽ ഇരുവരും ഒരേ സമയം ഫോമിലെത്തുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടാലും ശ്രദ്ധയേടെ ബാറ്റ് വീശി സ്കോർ ഉയർത്തുന്നതിൽ ശ്രേയസ് അയ്യർ വിജയിക്കുന്നുണ്ട്.
എന്നാൽ ക്യാപ്‌റ്റൻ റിഷഭ് പന്തിൽ നിന്ന് ഇതുവരെ മികച്ചൊരു ഇന്നിങ്സ് ഉണ്ടായില്ല എന്നതും ടീമിനെ അലട്ടുന്നുണ്ട്. ഷിംറോണ്‍ ഹെറ്റ്‌മെയർ ഫോമിലേക്കുയർന്നത് ടീമിന് പ്രതീക്ഷ നൽകുന്നുണ്ട്.
ആക്രമണോത്സുകമായ ബാറ്റിങ് നടത്തി റണ്‍സ് ഉയർത്തുന്നതിൽ ഡൽഹി ബാറ്റർമാർ പരാജയപ്പെടുന്നുണ്ടെങ്കിലും ആ കുറവ് ബോളിങ്ങിലൂടെ ഡൽഹി നികത്തുന്നുണ്ട്. പേസ് നിരയാണ് ഡൽഹിയുടെ ശക്‌തി. റബാഡ, ആൻറിച്ച് നോർക്കിയ, ആവേഷ് ഖാൻ എന്നിവരടങ്ങുന്ന പേസ് നിര ഏതൊരു ടീമിനെയും പിടിച്ചുകെട്ടാൻ കഴിവുള്ളതാണ്. പിന്നാലെ അശ്വിനും, അക്‌സർ പട്ടേലും നയിക്കുന്ന സ്‌പിൻ നിര കൂടെ എത്തുന്നതോടെ എതിർ ടീമിലെ ബാറ്റർമാർ പരുങ്ങലിലാകും.