ദുബായ്: ഐപിഎല്‍ ആവേശപ്പോരില്‍ ടോസ് നേടിയ രാജസ്ഥാൻ റോയല്‍സ് ബാറ്റ് ചെയ്യുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിന് എതിരെ വിജയം അനിവാര്യമായ രാജസ്ഥാൻ ഈ സീസണിലെ തങ്ങളുടെ മികച്ച ബൗളറായ കാർത്തിക് ത്യാഗി ഇല്ലാതെയാണ് ഇന്നിറങ്ങുന്നത്. പരിക്കേറ്റ ത്യാഗിക്ക് പകരം ജയ്‌ദേവ് ഉനദ്‌കട് കളിക്കും.
അതോടൊപ്പം എവിൻ ലൂയിസും ടീമില്‍ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഷംസിയും മില്ലറും പുറത്തായി. ഒൻപത് കളികളില്‍ ഒരു ജയം മാത്രമുള്ള സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിലും മാറ്റങ്ങളുണ്ട്. വൻ പരീക്ഷണമാണ് ഹൈദരാബാദ് ഇന്ന് നടത്തുന്നത്.
IPL 2021, ടോസ് രാജസ്ഥാന്, ആദ്യം ബാറ്റ് ചെയ്യും: ഇരു ടീമിലും വൻ മാറ്റങ്ങൾ
ഡേവിഡ് വാർണർ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ഖലീല്‍ അഹമ്മദ് എന്നിവരെ ഒഴിവാക്കി. പകരം ജേസൺ റോയ്, പ്രിയം ഗാർഗ്, അഭിഷേക് ശർമ, സിദ്ധാർഥ് കൗൾ എന്നിവരെ ടീമില്‍ ഉൾപ്പെടുത്തി. സൺറൈസേഴ്‌സിന് വേണ്ടി ജേസൺ റോയിയുടെ ആദ്യ മത്സരമാണിത്.
ഈ സീസണില്‍ കളിച്ച ഒൻപത് മത്സരത്തില്‍ ഒരെണ്ണം മാത്രം ജയിച്ച സൺറൈസേഴ്‌സ് ഹൈദരാബാദ് ടൂർണമെന്‍റില്‍ പുറത്താകലിന്‍റെ വക്കിലാണ്. നിലവില്‍ ആറാം സ്ഥാനത്തുള്ള രാജസ്ഥാന് ഇനിയുള്ള മത്സരങ്ങൾ ജയിച്ചാല്‍ മാത്രമേ സെമിഫൈനല്‍ ഉറപ്പിക്കാനാകൂ.
കൃത്യ സമയത്ത് ഓവറുകൾ എറിഞ്ഞു തീർക്കാത്തതിനാല്‍ വൻ തുക പിഴയായി നല്‍കേണ്ടി വന്ന സഞ്ജു സംസണും സഹതാരങ്ങളും അത്തരം സമ്മർദ്ദത്തെയും ഇന്ന് അതിജീവിക്കണം. ഒന്നര മണിക്കൂറില്‍ 20 ഓവർ എറിഞ്ഞു തീർത്തില്ലെങ്കില്‍ സഞ്ജു സാംസണ് അടുത്ത മത്സരത്തില്‍ വിലക്കിന് സാധ്യതയുണ്ട്.