ന്യൂഡൽഹി:ഐഎൻഎക്‌സ് മീഡിയ കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും ഇളവ്. പ്രത്യേക കോടതിയാണ് നേരിട്ടെത്തുന്നതില്‍ നിന്ന് ഇരുവരെയും ഒഴിവാക്കിയത്. പി ചിദംബരം, കാർത്തി ചിദംബരം എന്നിവർ തമിഴ്‌നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കിലായിരുന്നെന്നും നിരവധി രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്നും അഭിഭാഷകൻ അർഷദീപ് സിംഗ് ഖുറാന കോടതിയെ അറിയിച്ചു. അതേസമയം കേസിലെ കൂട്ടുപ്രതിയായ പീറ്റർ മുഖർജിയുടെ ജാമ്യാപേക്ഷയിൽ കോടതി എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിൽ നിന്ന് പ്രതികരണം തേടുകയും ഏപ്രിൽ 16 ന് കൂടുതൽ വാദം കേൾക്കാൻ തീരുമാനിക്കുകയും ചെയ്തു.
ചിദംബരത്തെയും കാര്‍ത്തിയെയും ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി
പി ചിദംബരം, കാർത്തി ചിദംബരം എന്നിവർ തമിഴ്‌നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കിലായിരുന്നെന്ന് ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍.
കേന്ദ്രസർക്കാരിന്‍റെ സ്റ്റാൻഡിംഗ് കൗൺസിലായ അമിത് മഹാജനും ഇഡിയുടെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ കെ മാറ്റയും ഉന്നയിച്ച വാദങ്ങളും കേസിന്‍റെ മുഴുവൻ രേഖകളും ശ്രദ്ധാപൂർവ്വം പരിശോധിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി.ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരത്തിനും കുറ്റപത്രത്തിൽ പേരുള്ള നിരവധി സ്ഥാപനങ്ങൾക്കും കോടതി അടുത്തിടെ സമൻസ് അയച്ചിരുന്നു.
പി ചിദംബരം, എസ് ഭാസ്‌കര രാമൻ എന്നിവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. വിദേശനാണ്യ ക്ലിയറൻസിലെ ക്രമക്കേടുകൾ ആരോപിച്ച് 2020 ജൂണിൽ ഇഡി റൂസ് അവന്യൂ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പാർലമെന്‍റ് അംഗമായ കാർത്തി ചിദംബരത്തെയും പ്രതിചേര്‍ക്കുകയായിരുന്നു.