ന്യൂഡല്‍ഹി: അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നുവെന്ന് എന്നാരോപിച്ച് വിജയ് ചൗക്കിൽ പ്രതിഷേധ പ്രകടനം നടത്തിയ കോൺഗ്രസ് എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത്തരം ഏജന്‍സികളുടെ ദുരുപയോഗം "ജനാധിപത്യത്തിന്റെ കൊലപാതക"മാണെന്നും "പ്രതിപക്ഷ മുക്ത ഭാരത"മാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും പാർട്ടി എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പോലുള്ള അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗത്തിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ഇരു സഭകളിലും പ്രതിഷേധ പ്രകടനം നടത്തിയ എംപിമാരെ സസ്പെന്‍ഡ് ചെയ്തു. വിലക്കയറ്റം, നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി വര്‍ധിപ്പിക്കല്‍ തുടങ്ങിയ പ്രശ്നങ്ങളും പ്രതിപക്ഷം പ്രതിഷേധത്തില്‍ ഉയര്‍ത്തികാട്ടി. പാര്‍ലമെന്‍റില്‍ നിന്നും മുദ്രാവാക്യം വിളിച്ച് ആരംഭിച്ച പ്രതിഷേധം അവസാനിച്ചത് വിജയ് ചൗക്കിലെ കുത്തിയിരുപ്പ് സമരത്തിലായിരുന്നു.
'ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കും ഇഡി പോലെയുള്ള അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗത്തിനുമെതിരെയാണ് ഞങ്ങള്‍ പോരാടുന്നത്. എംപിമാരെ സസ്പെന്‍റ് ചെയ്തത് തെറ്റാണ്, അവരുടെ സസ്പെന്‍ഷന്‍ ഉടന്‍ തന്നെ പിന്‍വലിക്കണം. അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്നതിന്‍റെ അര്‍ത്ഥം "പ്രതിപക്ഷ മുക്ത ഭാരതം അവര്‍ ആഗ്രഹിക്കുന്നു എന്നതിന്‍റെ തെളിവാണ്. പ്രതിഷേധം തുടങ്ങിയതിന് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു' എന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.
'ഇന്നും ഞങ്ങളുടെ എംപിമാരെ കസ്റ്റഡിയിലെടുത്തു. ഇത് ജനാധിപത്യത്തിന് നേരെയുള്ള കൊലപാതകമാണ്. വിലവര്‍ധവിനെ കുറിച്ച് സംസാരിക്കാന്‍ മോദിയുടെ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വൈരാഗ്യം തീര്‍ക്കുന്ന സര്‍ക്കാരാണ് ഇത്. എന്തെങ്കിലും സര്‍ക്കാരിനെതിരെ ശബ്‌ദിച്ചാല്‍ ഞങ്ങളെ കസ്റ്റഡിയിലെടുക്കുന്നു' എന്ന് പൊലീസ് വാനിലിരുന്ന് കോണ്‍ഗ്രസിന്‍റെ ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു. 'മൂന്നാം ദിവസം വിജയ് ചൗക്കിൽ സമാധാന പരമായ പ്രതിഷേധം സംഘടിപ്പിച്ച എംപിമാര്‍ എവിടെയാണെന്നത് ദൈവത്തിനും, പ്രധാനമന്ത്രിക്കും, ആഭ്യന്തര മന്ത്രിക്കും മാത്രമെ അറിയു. ഇത് വായ മൂടിക്കെട്ടിയ ജനാധിപത്യമാണെന്ന്' ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗത്തിനെതിരെ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയ മഹിള കോൺഗ്രസ്, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടന പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആളുകളെ അപമാനിക്കാനും ഒറ്റപ്പെടുത്താനുമാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം ലക്ഷ്യമിടുന്നതെന്നാരോപിച്ച് നാഷണൽ ഹെറാൾഡ്-അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉടൻ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മൂന്നാം ദിവസവും ഇഡിക്ക് മുന്നില്‍ ഹാജരായ ദിവസമാണ് ഈ വാദം. പ്രതിപക്ഷ പാര്‍ട്ടികളെ ശത്രുക്കളെ പോലെ സമീപിക്കരുത് എന്ന് പറഞ്ഞുകൊണ്ട് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് സോണിയ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.