ശ്രീനഗര്‍: ബോളിവുഡ് സിനിമകളില്‍ അവിസ്‌മരണീയ പ്രകടനങ്ങള്‍ നടത്തിയ ജനപ്രിയ കശ്‌മീരി നടനാണ് മിര്‍ സര്‍വാര്‍. കേസരി, ബജ്‌രംഗി ഭായ്‌ജാന്‍, ജോളി എൽഎൽബി 2, ഡിഷൂം, ഷേർഷാ, മിഷൻ മജ്‌നു, ഫാന്‍റം തുടങ്ങിയ ബോളിവുഡ് സിനിമകളിലെ മികച്ച പ്രകടനത്തിലൂടെ നിരവധി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച് പറ്റിയ താരം പുതുതായി അഭിനയിക്കുന്ന ചിത്രമാണ് രാവ്‌രംഭ. മറാത്തി ചലച്ചിത്ര രംഗത്തേക്കുള്ള ആദ്യ ചുവട് വയ്‌പ്പ് എന്ന പ്രത്യേകതയ്‌ക്ക് പുറമെ ഒന്‍പത് വ്യത്യസ്‌ത കഥാപാത്രങ്ങളെയാണ് താരം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
തനിക്ക് ഇനിയും നിറയെ സ്വപ്‌നങ്ങള്‍ ബാക്കിയുണ്ടെന്ന് താരം ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. "കമൽഹാസനെയും സഞ്ജീവ് കുമാറിനെയും പോലെ ഒരു സിനിമയിൽ ഒമ്പതിൽ കൂടുതൽ വേഷങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിച്ചിരുന്നുവെന്നും താരം പറഞ്ഞു. താന്‍ അഭിനയിക്കുന്ന കുറച്ച് സിനിമകള്‍ കൂടി പണിപ്പുരയിലുണ്ടെന്നും അത് ഉടന്‍ പുറത്തിറങ്ങുമെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
1974 ല്‍ പുറത്തിറങ്ങിയ 'നയാ ദിന്‍ നൈ രാത്' എന്ന സിനിമയിലും താരം നിരവധി വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. ഈ ചിത്രത്തില്‍ പ്രായമായ മനശാസ്‌ത്രജ്ഞനായും വ്യാജ ആള്‍ദൈവമായും കുഷ്‌ഠ രോഗിയായും തിയേറ്റര്‍ ആര്‍ട്ടിസ്റ്റായും ഒരു സമ്പന്നനായ ആളുടെ രൂപത്തിലുമെല്ലാം താരം വേഷമിട്ടിരുന്നു. 2008ൽ പുറത്തിറങ്ങിയ ദശാവതാരം എന്ന സിനിമയിൽ കമൽഹാസൻ പത്ത് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പോലെയാണ് താനും ഈ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അഭിനയിച്ചതെന്ന് മിര്‍ സര്‍വാര്‍ പറഞ്ഞു.