ഹൈദരാബാദ് : നവജാത ശിശുക്കളെയും പിഞ്ചുകുഞ്ഞുങ്ങളെയും വില്‍പ്പന നടത്തുന്ന അന്തര്‍സംസ്ഥാന റാക്കറ്റ് തകര്‍ത്ത് പൊലീസ്. മുഖ്യ പ്രതി മുംബൈ ദാദറില്‍ പിടിയിലായി. മഹാരാഷ്‌ട്ര-തെലങ്കാന സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടന്നുവന്ന നവജാത ശിശുക്കളുടെ വില്‍പ്പനയുടെ ഞെട്ടിക്കുന്ന കഥകളാണ് ഇപ്പോള്‍ പുറത്തു വരുന്നത് (Interstate child trafficking racket operates in Hyderabad).
കുഞ്ഞുങ്ങള്‍ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ കിടക്കുമ്പോള്‍ത്തന്നെ അവര്‍ക്ക് വില പറഞ്ഞുറപ്പിക്കുന്ന രീതിയാണ് സംഘത്തിന്‍റേത്. പൊക്കിള്‍ക്കൊടി മുറിയും മുമ്പ് ആശുപത്രി അധികൃതര്‍ മാതാപിതാക്കളുമായി കുട്ടിയെ കൈമാറാന്‍ കരാറിലെത്തിക്കഴിയും. പറഞ്ഞുറപ്പിച്ച പണം കൈമാറിയ ശേഷം പിഞ്ചു കുഞ്ഞുങ്ങളെ അമ്മമാരുടെ അടുത്തു നിന്ന് മാറ്റും.
മഹാരാഷ്‌ട്രയിലെ കുരാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ ഒരു കുട്ടിയെ കണ്ടെത്താന്‍ നടത്തിയ അന്വേഷണത്തിനിടെ യാദൃശ്ചികമായാണ് കുട്ടികളെ കടത്തുന്ന സംഘത്തിലേക്ക് പൊലീസിന്‍റെ ശ്രദ്ധ പതിഞ്ഞത്. അടുത്തിടെ മുംബൈയിലെ ദാദര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ച് കൊച്ചു കുഞ്ഞുമായി ഒരാള്‍ പിടിയിലായതോടെയാണ് കുട്ടികളെ വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്.
തൊട്ടു പിറകേ ഇതിന് പിന്നിലെ സൂത്രധാരന്മാരെ അന്വേഷിച്ച് മുംബൈ പൊലീസ് ഹൈദരാബാദിലെത്തി. നഗരത്തിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ചില ഡോക്‌ടര്‍മാരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്‌തതായി വിവരമുണ്ട്. കുട്ടികളെ കടത്തുന്ന സംഘത്തിലെ ഏജന്‍റ് സമാധാന്‍ പാട്ടീലിലേക്ക് പൊലീസ് അന്വേഷണം എത്തുന്നത് അങ്ങനെയാണ് (Interstate child trafficking racket busted by police).
ഹൈദരാബാദില്‍ നിന്നെത്തിച്ച ഒരു കുഞ്ഞിനെ വില്‍പ്പന നടത്താന്‍ കക്ഷികളുമായി ചര്‍ച്ച നടത്തി അലസിപ്പിരിഞ്ഞ ശേഷം മടങ്ങുമ്പോഴായിരുന്നു ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് സമാധാന്‍ പാട്ടീല്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്‌തതില്‍ നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ച് സംഘത്തിലെ മറ്റ് അഞ്ച് പേര്‍ കൂടി പിടിയിലായി.
വിശദമായ ചോദ്യം ചെയ്യലില്‍ സംഘത്തിലെ കണ്ണികളെക്കുറിച്ചും പ്രവര്‍ത്തന രീതിയെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. കുട്ടികളെ കടത്തുന്ന സംഘത്തിലെ ഏജന്‍റായ സമാധാന്‍ പാട്ടീല്‍ നാസിക് സ്വദേശിയാണ്. അടിക്കടി തീവണ്ടി മാര്‍ഗം ഹൈദരാബാദിലെത്തുന്ന ഇയാള്‍ ആശുപത്രികളെ സമീപിച്ച് ഗര്‍ഭിണികളായ സ്‌ത്രീകളുടെ വിശദാംശങ്ങള്‍ ശേഖരിക്കും.
തുടര്‍ന്ന് ആശുപത്രി സ്റ്റാഫിനെ കയ്യിലെടുത്ത് കുഞ്ഞുങ്ങളെ വില്‍പ്പന നടത്താന്‍ കരാറുറപ്പിക്കും. പ്രസവത്തിന് ശേഷം പാട്ടീല്‍ കുഞ്ഞിന്‍റെ മാതാപിതാക്കളുമായി സംസാരിച്ച് പ്രലോഭിപ്പിക്കും. കുഞ്ഞിനെ കൈമാറിയാല്‍ ലക്ഷങ്ങള്‍ പകരം നല്‍കാമെന്ന ഇയാളുടെ വാഗ്‌ദാനത്തില്‍ പലരും വീണുപോയിട്ടുണ്ട്.
കുട്ടികളില്ലാത്ത ദമ്പതികളില്‍ നിന്നുള്ള ആവശ്യം കൂടി വരുമ്പോള്‍ ആശുപത്രികളില്‍ നിന്നും മറ്റ് പൊതു സ്ഥലങ്ങളില്‍ നിന്നുമൊക്കെ ചിലപ്പോള്‍ ഈ റാക്കറ്റ് കുട്ടികളെ തട്ടിക്കൊണ്ടു പോയി വില്‍പ്പന നടത്തിയിട്ടുമുണ്ട്. സമാധാന്‍ പാട്ടീല്‍ കുട്ടികളുടെ ഫോട്ടോ വാട്‌സ്ആപ്പ് വഴി ആവശ്യക്കാര്‍ക്ക് അയച്ച് കൊടുത്ത ശേഷം, അവരുടെ മറുപടി കിട്ടുന്ന മുറയ്‌ക്ക് കുട്ടികളെ പണം കൊടുത്ത് ഏറ്റെടുക്കുകയാണ് പതിവ്.
ഇങ്ങനെ രണ്ടും മൂന്നും ലക്ഷം രൂപ നല്‍കി വാങ്ങിയ്‌ക്കുന്ന കുഞ്ഞുങ്ങളെ ഇയാള്‍ രാത്രിയില്‍ നാസിക്കിലേക്ക് കൊണ്ടുപോകും. പിന്നീടാണ് ആവശ്യക്കാരായ ദമ്പതികളില്‍ നിന്ന് പണം വാങ്ങി കുട്ടിയെ വിട്ടു നല്‍കുക. ഒരു മാസം മുതല്‍ ഒരു വയസ് വരെ പ്രായമുള്ള 40 കുട്ടികളെയെങ്കിലും സമാധാന്‍ പാട്ടീല്‍ ഇതുവരെ ഹൈദരാബാദില്‍ നിന്ന് നാസിക്കിലെത്തിച്ച് വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.