കൊഹിമ: നാഗാലാൻഡിലെ മോൺ ജില്ലയിൽ അസം റൈഫിൾസ് ക്യാമ്പിനും കോണ്യാക്ക് യൂണിയൻ ഓഫിസിനും നേരെ ആക്രമണം നടന്നതായി ഔദ്യോഗിക വൃത്തങ്ങൾ. അക്രമാസക്തമായ ഒരു സംഘം ആളുകൾ ഞായറാഴ്‌ച ഉച്ചക്ക് ശേഷം ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. വെടിവയ്‌പ്പ് നടത്തിയ സുരക്ഷാസേനാംഗങ്ങൾക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവത്തില്‍ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി
അതേസമയം മോൺ ജില്ലയിൽ മൊബൈൽ ഇന്‍റർനെറ്റ്, ഡാറ്റ സർവീസുകൾ, എസ്.എം.എസ് സേവനങ്ങൾ ഭരണകൂടം റദ്ദാക്കി. സുരക്ഷാസേനക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. നാഗാലാന്‍ഡ് ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.
സാമൂഹ്യമാധ്യമങ്ങൾ അടക്കമുള്ള സേവനങ്ങളിലൂടെ വ്യാജ വാർത്തകൾ, ദൃശ്യങ്ങൾ തുടങ്ങിയവ പ്രചരിപ്പിച്ച് ക്രമസമാധാനനില മോശമാകുന്ന അവസ്ഥ സൃഷ്‌ടിക്കാതിരിക്കാനാണ് തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു. സംഭവത്തിൽ നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ശനിയാഴ്‌ച വൈകുന്നേരമാണ് ഗ്രാമീണർക്ക് നേരെ സൈന്യത്തിന്‍റെ വെടിവയ്പ്പുണ്ടായത്. സമീപത്തുള്ള കല്‍ക്കരി ഖനിയില്‍ ദിവസ വേതനക്കാരായ ഗ്രാമീണര്‍ പിക്കപ്പ് ട്രാക്കില്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.
എന്‍എസ്‌സിഎന്‍ (കെ) ആയുധധാരികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാസേന ഇവര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. 13 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. മോൺ ജില്ലയിലെ ഒട്ടിങ്-തിരു റോഡില്‍ വച്ചാണ് വെടിവയ്‌പ്പുണ്ടായത്.
READ MORE:Civilians killed in Nagaland: നാഗാലാന്‍ഡില്‍ സുരക്ഷ സേനയുടെ വെടിവയ്പ്പില്‍ 13 ഗ്രാമീണർ കൊല്ലപ്പെട്ടു