കേരളം

kerala

ETV Bharat / bharat

എല്ലാവര്‍ക്കും ഒരു തൊഴില്‍ കരുതിവച്ചിരിക്കുന്നു ഇന്‍റര്‍നെറ്റ്

സ്വിഗ്ഗിയും സൊമറ്റോയും പോലുള്ള കമ്പനികള്‍ ഓര്‍ഡര്‍ കോടുത്താല്‍ നിമിഷങ്ങള്‍ക്കകം തന്നെ ഭക്ഷണം വീട്ടിലെ തീന്‍ മേശകളില്‍ എത്തിക്കും. ഇന്റര്‍നെറ്റിന്റെ കണ്ടുപിടുത്തത്തോടെ സാധ്യമയതാണ് ഇതെല്ലാം.

Internet  Internet and job  Internet broadened job opportunities  ഇന്റെര്‍നെറ്റ്  ഇന്‍റര്‍നെറ്റ്  സ്വിഗ്ഗി  സൊമറ്റോ
എല്ലാവര്‍ക്കും ഒരു തൊഴില്‍ കരുതിവച്ചിരിക്കുന്നു ഇന്‍റര്‍നെറ്റ്

By

Published : Feb 27, 2020, 1:34 PM IST

Updated : Nov 30, 2022, 3:50 PM IST

ഹൈദരാബാദ്: ഒരു കാലത്ത് ഒരു നമ്മുടെ വീട്ടുപകരണങ്ങള്‍ക്ക് ഏതെങ്കിലും കേടുപാട് സംഭവിച്ചല്‍ അത് നന്നാക്കാനായി പ്ലമ്പറെയൊ ഇലക്ട്രീഷ്യനെയോ കിട്ടണമെങ്കില്‍ തൊട്ടടുതുള്ള കടകളിലൊ മറ്റോ പോയി അന്വേഷിക്കണമായിരുന്നു. ഇന്നിപ്പോള്‍ അര്‍ബന്‍ ക്ലാപ് പോലുള്ള ആപ്പുകളിലൂടെയൊ ജസ്റ്റ് ഡയല്‍ അല്ലെങ്കില്‍ സുലേഖ ഓണ്‍ ലൈന്‍ തുടങ്ങിയവയിലൂടെ ബന്ധപ്പെട്ടാല്‍ നമ്മുടെ വീട്ടുപടിക്കല്‍ തന്നെ വിവിധ പ്രൊഫഷണലുകള്‍ എത്തിച്ചേരും. ആശാരിമാരെയും വീട്ടുജോലിക്കാരെയും പോലും ഇക്കാലത്ത് ഓണ്‍ ലൈനില്‍ ബുക്ക് ചെയ്യാന്‍ കഴിയും. പോയ കാലങ്ങളില്‍ ഒരു കാറോ ഡ്രൈവറോ വേണമെങ്കില്‍ ട്രാവല്‍ ഏജന്‍സികളെ സമീപിക്കേണ്ടതുണ്ടായിരുന്നു. ഇന്ന് ഒലയും യൂബറുമെല്ലാം നമ്മുടെ സ്മര്‍ട്ട് ഫോണുകളിലെ ഒരു ക്ലിക് അകലെ മാത്രം. സ്വിഗ്ഗിയും സൊമറ്റോയും പോലുള്ള കമ്പനികള്‍ ഓര്‍ഡര്‍ കോടുത്താല്‍ നിമിഷങ്ങള്‍ക്കകം തന്നെ ഭക്ഷണം വീട്ടിലെ തീന്‍ മേശകളില്‍ എത്തിക്കും.ഇന്‍റര്‍നെറ്റിന്‍റെ കണ്ടുപിടുത്തത്തോടെ സാധ്യമായതാണ് ഇതെല്ലാം.

യു.എസില്‍ ഓണ്‍ ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിശ്ചിത സമയം തൊഴിലെടുക്കുന്നവരെ ഗിഗ് ജീവനക്കാര്‍ എന്നാണ് വിളിക്കുന്നത്. ഇന്ത്യയില്‍ പോലും വിതരണ, ഭക്ഷ്യ മേഖലകളില്‍ ഗിഗ് ജീവനക്കാര്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്നു. 2.10 ലക്ഷം വിതരണ ജീവനക്കാരെ ഇപ്പോള്‍ തന്നെ ജോലിക്ക് നിയോഗിച്ചിട്ടുള്ള ഭക്ഷണ വിതരണ മേഖലയിലെ വമ്പന്‍ കമ്പനിയായ സ്വിഗ്ഗി വലിയ താമസമില്ലാതെ അവരുടെ എണ്ണം അഞ്ച് ലക്ഷമായി ഉയരും എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഒലയും, യൂബറും പോലുള്ള സ്വകാര്യ യാത്രാ പങ്കിടല്‍ കമ്പനികള്‍ നിലവില്‍ തന്നെ 15 ലക്ഷത്തിനു മുകളില്‍ ഡ്രൈവര്‍മാരെ ജോലിക്ക് വച്ചിരിക്കുന്നതായി കണക്കാക്കപ്പെടുന്നു.

താഴെക്കിടയിലുള്ള നൈപുണ്യക്കാരായ ഡ്രൈവര്‍മാരും പ്ലംബര്‍മാരും ആശാരിമാരും മാത്രമല്ല, ഉന്നത സാങ്കേതിക നൈപുണ്യങ്ങള്‍ ഉള്ള പ്രൊഫഷണലുകളെ പോലും ഇന്ന് ഓണ്‍ ലൈനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാണ്. ഒരു പ്രോജക്റ്റിന്റെ കൂടെ പാര്‍ട്ട് ടൈം അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അത്തരം പ്രൊഫഷണലുകളെ സ്വതന്ത്ര അല്ലെങ്കില്‍ ഫ്‌ളക്‌സി ജീവനക്കാര്‍ എന്ന് വിളിക്കുന്നു. ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്.സി.എല്‍ തുടങ്ങിയ ഐ.ടി ഭീമന്മാരൊക്കെയും ഇത്തരം സ്വതന്ത്ര പ്രൊഫഷണലുകളെ അനലിറ്റിക്‌സ്, ഓട്ടോമേഷന്‍, വാസ്തുവിദ്യ, നിര്‍മ്മിതബുദ്ധി തുടങ്ങിയ ഉയര്‍ന്ന മത്സര സ്വഭാവമുള്ള മേഖലകളില്‍ പോലും ഉപയോഗിച്ചു വരുന്നു. 2018-ല്‍ അഞ്ച് ലക്ഷം പേര്‍ക്ക് നിലവിലുള്ള ഐ.ടി, ഐ.ടി ഇ.എസ് മേഖലകളില്‍ തൊഴില്‍ നല്‍കിയിരിക്കുന്നു. ഇത് 2010ഓടുകൂടി 7.5 ലക്ഷം ആയി ഉയരുമെന്നും, ദി ഇന്ത്യ സ്റ്റാഫിങ്ങ് ഫെഡറേഷന്‍(ഐ.എസ്.എഫ്) കണക്കാക്കുന്നു.

ഇന്ത്യയില്‍ ഇന്ന് എല്ലാ മേഖലകളിലും കൂടി പ്രവര്‍ത്തിച്ചു വരുന്ന ഫ്ലക്സി, ഗിഗ് ജീവനക്കാരുടെ എണ്ണം 33 ലക്ഷമാണെന്ന് ഐ.എസ്.എഫ് പറയുന്നു. 2021 ആകുമ്പോഴേക്കും അത് 61 ലക്ഷമായി ഉയരുമെന്നും അവര്‍ പറയുന്നു. ഇതില്‍ തന്നെ 55 ശതമാനം പേര്‍ ജോലി ചെയ്യുന്നത് ബാങ്കിങ്, ഇന്‍ഷൂറന്‍സ്, ഐ ടി, ഐ ടി ഇ എസ് മേഖലകളില്‍ മാത്രമാണ്. ഫ്‌ളക്‌സി അല്ലെങ്കില്‍ ഫ്രീലാന്‍സ് തൊഴിലുകള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ഇന്ത്യ യു എസിനും ചൈനക്കും, ബ്രസീലിനും ജപ്പാനും തൊട്ടടുത്ത സ്ഥാനത്ത് നില്‍ക്കുന്നു. ഹരിയാന, മധ്യപ്രദേശ്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഫ്‌ളക്‌സി ജീവനക്കാരുടെ എണ്ണം വര്‍ധിക്കാന്‍ ഇടയുണ്ടെന്ന് ഐ.എസ്.എഫ് പ്രവചിക്കുന്നു. ഈ അടുത്ത കാലത്ത് നടന്ന ഒരുസര്‍വേ പ്രകാരം, 70 ശതമാനം ഇന്ത്യന്‍ കമ്പനികളും എതെങ്കിലും ഒരു ഘട്ടത്തില്‍ തങ്ങളുടെ പ്രോജക്റ്റുകള്‍ക്കായി ഗിഗ് ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നാണ്.

2018-ല്‍ ആഗോള തലത്തിലുള്ള ഗിഗ് വിപണിയുടെ വലിപ്പം 20400 കോടി അമേരിക്കന്‍ ഡോളര്‍ വരുന്നുണ്ട്. ഇതില്‍ മൊത്തം വിപണിയുടെ വിതരണ സേവനം 50 ശതമാനം വരുന്നു. 2023ഓടുകൂടി വിപണിയുടെ വലിപ്പം 45500 കോടി അമേരിക്കന്‍ ഡോളറായി ഉയരുമെന്നും കണക്കാക്കപ്പെടുന്നു. 2025-ഓടുകൂടി ഇന്ത്യയിലെ ഫ്രീലാന്‍സര്‍ വിപണി 3000 കോടി അമേരിക്കന്‍ ഡോളറായി(2.10 ലക്ഷംകോടി രൂപ) മാറുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇന്ന് ലോകത്തെ നാലില്‍ ഒരു ഫ്രീലാന്‍സര്‍ ഇന്ത്യയില്‍ നിന്നുള്ള ആളാകുന്നു. സ്റ്റാര്‍ട്ട് അപ് സംസ്‌ക്കാരം വളര്‍ന്നതോടു കൂടി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഗിഗ് ജീവനക്കാരുടെഎണ്ണവും വര്‍ധിച്ചു. പക്ഷെ അവര്‍ കുറഞ്ഞ ശമ്പളത്തിനാണ് തൊഴിലെടുക്കുന്നത് എന്ന് കരുതുന്നത് തെറ്റാണ്. പേപാല്‍ നടത്തിയ ഒരു സര്‍വേ പ്രകാരം, വര്‍ഷം 20 മുതല്‍ 60 ലക്ഷം ഇന്ത്യന്‍ രൂപ വരെ കഴിവുള്ള ഫ്രീലന്‍സര്‍മാര്‍ സമ്പാദിക്കുന്നതായി കണക്കാക്കപ്പെടുന്നു. പക്ഷെ എല്ലാ ഗിഗ് ജീവനക്കാര്‍ക്കും ഇത്രയും വലിയ ശമ്പളം ലഭിക്കുന്നു എന്ന് കരുതരുത്.

നിര്‍ണായകമായ സാങ്കേതിക നൈപുണ്യങ്ങള്‍ ഉള്ളവര്‍ക്ക് മാത്രമെ ഇത്രയും വലിയ പണം ലഭിക്കുന്നുള്ളൂ. വെബ്ബും മൊബൈല്‍ വികസനവും, വെബ്ബും ഡിസൈനിങ്, ഇന്‍റർനെറ്റ് ഗവേഷണം, ഡാറ്റ എന്‍ഡ്രി എന്നിങ്ങനെയുള്ള മേഖലയിലാണ് ഗിഗ് തൊഴിലുകള്‍ ലഭിക്കുന്നത്. ഒരു പര്‍ട്ട് ടൈം തൊഴില്‍ ലഭിക്കുന്നതിനായി സാങ്കേതിക നൈപുണ്യം ഇല്ലെങ്കിലും ക്രിയാത്മകത ഉപകരിക്കും. തൊഴില്‍ അപേക്ഷകള്‍ എഴുതല്‍, വാര്‍ത്തയും ലേഖനങ്ങളും (കണ്ടന്റ് റൈറ്റിങ്ങ്), ഓണ്‍ ലൈനില്‍ നൃത്ത, സംഗീത ക്ലാസുകള്‍ എടുക്കല്‍ തുടങ്ങിയ ഗിഗ് മേഖലകള്‍ നിങ്ങള്‍ക്ക് നല്ല പണം സമ്പാദിച്ചു തരും.

ഗിഗ് ജീവനക്കാര്‍ക്ക് സ്ഥിരം ജീവനക്കാരെ പോലെ തൊഴില്‍ സുരക്ഷയും, മുടങ്ങാത്ത വരുമാനവും വിരമിക്കലിനു ശേഷമുള്ള ആനുകൂല്യങ്ങളും ലഭിക്കില്ല എന്ന് പറയുന്നതില്‍ സത്യത്തിന്റെ അംശം ഇല്ലാതില്ല. പക്ഷെ ഒരു തൊഴില്‍ കണ്ടെത്തുകയെന്നത് ഇന്ന് ഏതാണ്ട് തീര്‍ത്തും അസാധ്യമായ കാര്യം ആയി തീര്‍ന്നിരിക്കുന്നു എന്ന സാഹചര്യത്തില്‍, തൊഴിലില്ലാത്തവരുടെ രക്ഷയാകുന്നു ഗിഗ് തൊഴിലുകള്‍. ഇക്കാരണത്താലാണ് നിരവധി തൊഴില്‍ നൈപുണ്യം ഇല്ലാത്തവരും ഗിഗ്‌ തൊഴിലുകള്‍ കൊണ്ട് രക്ഷപ്പെടുന്നത്. ഗിഗ് ഇഷ്ടാനുസരണം തൊഴില്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നു എന്ന് മാത്രമല്ല എപ്പോള്‍ വേണമെങ്കിലും ഫ്രീലാന്‍സറുടെ ഇഷ്ടം പോലെ അത് സ്വീകരിക്കാനോ വേണ്ടെന്ന് വയ്ക്കാനോ ഉള്ള സ്വാതന്ത്ര്യനവും ഉണ്ട്. ഇത്തരം ഗിഗ് തൊഴിലുകള്‍ ഏറ്റെടുക്കുന്നത് ഒരു അധിക വരുമാന സ്രോതസ്സുമാകുന്നു. സ്വിഗ്ഗി, സൊമറ്റോ, യൂബര്‍, ഒല തുടങ്ങിയ കമ്പനികളില്‍ തൊഴിലെടുക്കുന്ന മിക്കവരും ഗ്രാമീണ മേഖലയില്‍ നിന്നും വന്നവരാണ്. അവര്‍ തങ്ങളുടെ സമ്പാദ്യത്തിലെ ഒരു ഭാഗം നീക്കി വെച്ച ശേഷം അത് വീട്ടിലെ കുടുംബാംഗങ്ങള്‍ക്ക് അയച്ചു കൊടുക്കുന്നു. ചിലര്‍ കാറുകള്‍ വായ്പ എടുത്ത് വാങ്ങിയ ശേഷം അത് ഒലക്കും ഊബറിനും പാട്ടത്തിനു കൊടുക്കുന്നു. പക്ഷെ മാസ തവണ അടക്കുകയും കാറിന്റെ പരിപാലന ചെലവ് കിഴിക്കുകയും ചെയ്ത് കഴിഞ്ഞാല്‍ പിന്നെ ബാക്കി ഉണ്ടാകുന്ന വരുമാനം അത്രയൊന്നും കാണില്ല. 2018- ല്‍ ഒല, ഊബര്‍ ഡ്രൈവര്‍മാര്‍, തങ്ങള്‍ക്ക് കമ്പനികള്‍ നല്‍കുന്ന തുച്ഛമായ വരുമാനത്തില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല സമരത്തിലേക്ക് പ്രവേശിക്കുകയുണ്ടായി.

കൂടൂതല്‍ വരുമാനത്തിനു വേണ്ടി ഫ്രീ ലാന്‍സര്‍മാര്‍ ഒന്നിലധികം തൊഴിലുകള്‍ മാറി കൊണ്ടിരിക്കും. ഇങ്ങനെ മാറുന്നതിനായി അവരെ സഹായിക്കുന്നത് ഡിജിറ്റല്‍ ഫ്‌ളാറ്റുഫോമുകളാണ്. മിക്കവാറും എല്ലാ മേഖലകളിലും ഏറ്റവും പ്രധാനപ്പെട്ടവരാണ് വില്‍പ്പന, വിപണന ജീവനക്കാര്‍. ബാങ്കിങ്ങ്, ധനകാര്യം, ഇന്‍ഷുറന്‍സ്, എഫ് എം സി ജി, ഫാര്‍മസി മേഖലകള്‍ വില്‍പ്പന ജീവനക്കാരെ ഏറ്റവും കൂടുതല്‍ നിയോഗിക്കുന്ന ഇടങ്ങളാണ്. ഇരു ചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരും വീടു വീടാന്തരം കയറിയിറങ്ങി വില്‍പ്പന നടത്തുന്നവരുമായ യുവ ജനങ്ങളാണ് അവരില്‍ ഭൂരിഭാഗം പേരും. 20-29 വയസ് പ്രായ ഗ്രൂപ്പില്‍ പെട്ട ഈ യുവാക്കള്‍ ഇപ്പോള്‍ മറ്റ് മേഖലകളിലെ ഗിഗ് തൊഴിലുകളിലും ആകര്‍ഷിക്കപ്പെട്ടിരിക്കുന്നു. 20 മുതല്‍ 45% വരെ വരുന്ന വില്‍പ്പന ജീവനക്കാര്‍ വില്‍പ്പന മേഖലയില്‍ അല്‍പ്പ സമയം പ്രവര്‍ത്തിച്ച ശേഷം മറ്റ് ഗിഗ് തൊഴിലുകള്‍ തേടി പോകുന്നു എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

യന്ത്ര അറിവും നിര്‍മിത ബുദ്ധി ഉപയോഗിക്കുകയും ചെയ്തുകൊണ്ട് ഡിജിറ്റല്‍ കമ്പനികളില്‍ പലതും ഫ്രീ ലാന്‍സ് തൊഴിലുകള്‍ക്കായി ജീവനക്കാരെ കണ്ടെത്തുവാന്‍ തുടങ്ങിയിരിക്കുന്നു. 2018-ല്‍ പ്രവര്‍ത്തന ആരംഭിച്ച ഹലോ വെരിഫൈ എന്ന കമ്പനി പറയുന്നത് അവര്‍ ഒല, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ 110 കമ്പനികളില്‍ താല്‍ക്കാലിക ജോലികള്‍ക്കായി അപേക്ഷിച്ച 50 ലക്ഷം പേരുടെ അപേക്ഷകള്‍ പരിശോധിക്കുകയുണ്ടായി എന്നാണ്. സാങ്കേതിക വിദ്യയുടെ കടന്നു കയറ്റത്തോടെ മുന്‍ കാലങ്ങളില്‍ നിരവധി ദിവസങ്ങള്‍ എടുത്ത് പൂര്‍ത്തിയാക്കിയിരുന്ന ഇത്തരത്തിലുള്ള പശ്ചാത്തല പരിശോധനകള്‍ ഇന്ന് മിനുട്ടുകള്‍ക്കുള്ളിലാണ് പൂര്‍ത്തിയാക്കുന്നത്.

ഇന്ത്യന്‍ യുവാക്കള്‍ സ്ഥിര ജോലിയാണ് പരിഗണിക്കുന്നത് എങ്കിലും ഇന്ന് ലഭ്യമായിരിക്കുന്ന 56% പുതിയ തൊഴിലുകളും താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഉള്ളതാണെന്ന് കണക്കാക്കപ്പെടുന്നു. നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യാ മുന്നേറ്റങ്ങള്‍ മൂലം സംഘടിത മേഖലയിലെ തൊഴിലുകള്‍ എല്ലാം തന്നെ അസംഘടിതമായി കൊണ്ടിരിക്കുകയാണ്. കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക് അവധികള്‍ ഉണ്ടായിരിക്കുകയില്ല. അവര്‍ക്ക് അധിക സമയ വേതനവും ആരോഗ്യ ഇന്‍ഷുറന്‍സോ തൊഴില്‍ സുരക്ഷയോ ഉണ്ടായിരിക്കുന്നതല്ല. നിലവിലുള്ള തൊഴില്‍ നിയമങ്ങളില്‍ ഫ്രീ ലാന്‍സ് തൊഴിലുകളെകുറിച്ച് യാതൊന്നും പറയുന്നില്ല. ഇക്കാരണത്താല്‍ പാര്‍ട്ട് ടൈം അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിലൂടെ കമ്പനികള്‍ക്ക് ചെലവ് വെട്ടികുറക്കുവാന്‍ ഏറെ സാധിക്കുന്നു. 2019 ഡിസംബര്‍ 11 ന് ലോക സഭയില്‍ അവതരിപ്പിച്ച സാമൂഹിക സുരക്ഷ സംബന്ധിച്ച നിയമങ്ങള്‍ കരാര്‍ ജീവനക്കാരുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ ലക്ഷ്യമിടുന്നു.

ഈ നിയമങ്ങള്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ബിസിനസുകളിലും ടാക്‌സി കമ്പനികളിലും നിയമിക്കപ്പെടുന്ന കരാര്‍ ജീവനക്കാര്‍ അല്ലെങ്കില്‍ ഗിഗ് ജീവനക്കാരെ പ്ലാറ്റ്‌ഫോം ജീവനക്കാര്‍ എന്നാണ് വിവക്ഷിച്ചിരിക്കുന്നത്. ലൈഫ്, ആരോഗ്യ, അപകട ഇന്‍ഷുറന്‍സുകള്‍ ഇത്തരം ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഈ കമ്പനികളോട് ആവശ്യപ്പെടുന്നു. അവര്‍ക്കു വേണ്ടി ഒരു സാമൂഹിക സുരക്ഷാ ഫണ്ട് രൂപപ്പെടുത്താനും സാധ്യത തെളിഞ്ഞു വരുന്നുണ്ട്. പക്ഷെ ഈ നിയമങ്ങള്‍ക്കുള്ളില്‍ മിനിമം വേതനം അവധികള്‍ ,അസുഖ അവധികള്‍ എന്നിങ്ങനെയുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്താതെ പോയിരിക്കുന്നത് വലിയൊരു തെറ്റു തന്നെയാണ്. അമേരിക്കയിലെ ഒരു പടിഞ്ഞാറന്‍ സംസ്ഥാനമായ കാലിഫോര്‍ണിയ ഊബറും അതുപോലുള്ള നിരവധി കമ്പനികളും സേവന കരാര്‍ ജീവനക്കാരെ സാധാരണ ജീവനക്കാരെ പോലെ തന്നെ കണക്കാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ബില്‍ പാസാക്കുകയുണ്ടായി. ഗിഗ് ജീവനക്കാര്‍ക്ക് മിനിമം അവകാശങ്ങള്‍ നല്‍കുന്നതിനുള്ള ഒരു ഉത്തരവ് യൂറോപ്പ്യന്‍ യൂണിയനും ഇറക്കുകയുണ്ടായി. ഈ രണ്ട് ഉദാഹരണങ്ങളില്‍ നിന്നും പ്രേരണ ഉള്‍കൊള്ളേണ്ടതുണ്ട് ഇന്ത്യന്‍ സാമൂഹിക സുരക്ഷാ നിയമം.

പട്ടണങ്ങളിലും മെട്രോ പോളിറ്റന്‍ നഗരങ്ങളിലും സ്വിഗിക്കും സൊമാറ്റോക്കും വേണ്ടി പുറം ജോലി സേവനങ്ങള്‍ നല്‍കികൊണ്ട് പണം സമ്പാദിക്കുന്ന നിരവധി വീട്ടമ്മമാര്‍ ഉണ്ട് . നാനിഘര്‍, ഹോം ഫുഡി, ക്യാരിഫുള്‍ എന്നിങ്ങനെയുള്ള ആപ്പുകള്‍ ഭക്ഷണ പ്രിയര്‍ക്കുവേണ്ടി സേവനം ചെയ്യുന്നു. ഈ ആപ്പുകളുടെ സഹായത്തോടെ വീട്ടമ്മമാര്‍ തങ്ങളുടെ അടുക്കളകളെ വ്യവസായ ക്ലൗഡ്മായി ബന്ധിപ്പിക്കുകയാണ്. ക്യാരിഫുള്‍ ആപ്പിന്റെ സൃഷ്ടാവായ ബെന്‍ മാത്യു ലക്ഷ്യമിടുന്നത് 2022 ഓടുകൂടി ഈ ക്ലൗഡ് പ്രോജക്ടുമായി ബന്ധിപ്പിച്ച അടുക്കളകളില്‍ 10 ലക്ഷം വീട്ടമ്മമാരെ പങ്കാളികളാക്കണമെന്നാണ്. 2012-ല്‍ ആരംഭിച്ച റബല്‍ ഫുഡ്‌സ് 301 ക്ലൗഡ് അടുക്കളകള്‍ നടത്തികൊണ്ട് 2200 ഓണ്‍ ലൈന്‍ ഭക്ഷണ വിതരണ റസ്‌റ്റോറന്റുകള്‍ക്ക് ഭക്ഷണങ്ങള്‍ നല്‍കികൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ക്ലൗഡ് അടുക്കളയുടെ വലിപ്പം ഏതാണ്ട് 100 കോടി രൂപയായി വളരുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷണ വിതരണ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ സ്വിഗ്ഗി ഇപ്പോള്‍ തന്നെ 1000 ക്ലൗഡ് അടുക്കളകള്‍ സ്ഥാപിക്കുകയും അവയുടെ പരിപാലനത്തിനായി 250 കോടി രൂപ മുതല്‍ മുടക്കുകയും ചെയ്തിരിക്കുന്നു.

Last Updated : Nov 30, 2022, 3:50 PM IST

ABOUT THE AUTHOR

...view details