ഹൈദരാബാദ്: ഇന്ന് ജൂൺ 21, അന്താരാഷ്ട്ര യോഗ ദിനം (International Day of Yoga). യോഗയെക്കുറിച്ചുള്ള അവബോധം ആളുകളില്‍ വളർത്തുകയും മാനസികവും ശാരീരികവുമായ ക്ഷേമത്തിനായുള്ള ഒരു പതിവ് പരിശീലനമായി അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്‍റെ പ്രാഥമിക ലക്ഷ്യം. 'വസുധൈവ കുടുംബത്തിന് യോഗ' എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം.
പ്രാചീനമായ ആചാരത്തിന്‍റെ ശാശ്വതമായ നേട്ടങ്ങളെ കുറിച്ച് അവബോധം വളർത്തുക എന്ന ആശയത്തോടെ, യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി 2015 ജൂൺ 21 ന് രാജ്യങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആചരിക്കുന്നു. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്‍റെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിലേക്കാണ് ആഗോള തലത്തിൽ ഈ ദിനം ആചരിക്കുന്നത് വെളിച്ചം വീശുന്നത്.
ശരീരത്തെയും, മനസിനെയും ആത്മാവിനെയും സന്തുലിതാവസ്ഥയിൽ കൊണ്ടുവരുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്. 2014 ൽ യുഎൻ ജനറൽ അസംബ്ലിയുടെ 69-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗയ്ക്കായി ഒരു ദിവസം സമർപ്പിക്കുക എന്ന ആശയം മുന്നോട്ടുവച്ചത്. തുടർന്ന് എല്ലാ 193 യുഎൻ അംഗരാജ്യങ്ങളുടെയും ഏകകണ്‌ഠമായ ധാരണയോടെ, 2014 ഡിസംബർ 11 ന്, ഐക്യരാഷ്ട്രസഭ ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.
അന്താരാഷ്‌ട്ര യോഗ ദിനം സ്ഥാപിതമായതിന്‍റെ 9-ാം വർഷത്തെയാണ് 2023 അടയാളപ്പെടുത്തുന്നത്. "ഒരു ഭൂമി, ഒരു കുടുംബം" എന്ന ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്ന മഹത്തായ ആശയത്തെ സൂചിപ്പിക്കുന്ന 'വസുധൈവ കുടുംബത്തിന് യോഗ' എന്ന വിഷയത്തെ ചുറ്റിപ്പറ്റിയാണ് ഇത്തവണത്തെ ദിനാചരണം.
യുഎൻ ആസ്ഥാനത്ത് ഇന്ന് (2023 ജൂൺ 21) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗ സെഷൻ നടക്കും. ചരിത്രത്തില്‍ ആദ്യമായാണ് യുഎൻ ആസ്ഥാനത്ത് ഇത്തരത്തില്‍ ഒരു യോഗ സെഷൻ നടക്കുന്നത്.
ശാരീരിക വിശ്രമത്തിലൂടെ സമ്മർദവും ഉത്കണ്‌ഠയും കുറയ്‌ക്കാൻ പ്രോത്സാഹിപ്പിക്കുന്ന, ഇന്ത്യയിൽ ഉത്ഭവിച്ച പുരാതനമായ യോഗാഭ്യാസത്തെ ലോകത്തിന് പരിചയപ്പെടുത്തുന്നതിന്‍റെ കൂടി ഭാഗമാണ് അന്താരാഷ്‌ട്ര യോഗ ദിനത്തിന്‍റെ ആചരണം. സമ്മർദരഹിതമായ അന്തരീക്ഷം ചുറ്റും സൃഷ്‌ടിക്കാൻ ആഗ്രഹിക്കുന്നവരാകും മിക്കവരും. അത്തരമൊരു അന്തരീക്ഷം സൃഷ്‌ടിക്കാൻ ആവശ്യമായ ഘടകങ്ങളായി കണക്കാക്കപ്പെടുന്ന ആത്മബോധവും മാനസികമായ കരുത്തും വളർത്തിയെടുക്കാൻ പതിവായി ധ്യാനം ശീലിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിദഗ്‌ധർ പറയുന്നത്. അന്താരാഷ്ട്ര യോഗ ദിനം പ്രോത്സാഹിപ്പിക്കുന്നതും ഇത് തന്നെയാണ്.
യോഗ വകഭേദങ്ങൾ:യോഗയ്‌ക്ക് എട്ട് വിഭാഗങ്ങളാണ് ഉള്ളത്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് ഈ വിഭാഗങ്ങൾ. ഇതിൽ ആദ്യത്തെ നാലെണ്ണം ഹഠയോഗം എന്നാണ് അറിയപ്പെടുന്നത്. ശരീരവും മനസും പുഷ്‌ടിപ്പെടുത്തുന്നതിനാണ് ഇത്. രാജയോഗമെന്ന് വിശേഷിപ്പിക്കുന്ന രണ്ടാമത്തെ നാലെണ്ണം ആധ്യാത്മിക ഉന്നതി പ്രാപിക്കുന്നതിനും സഹായിക്കുന്നു.
ദിവസവും യോഗ ചെയ്‌താൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?പ്രായഭേദമന്യേ എല്ലാവർക്കും അഭ്യസിക്കാവുന്ന ഒന്നായാണ് യോഗയെ കണക്കാക്കുന്നത്. സന്ധികൾക്ക് ചുറ്റുമുള്ള പേശികളെ ശക്തിപ്പെടുത്താനും അവയുടെ ഭാരം കുറയ്‌ക്കാനും യോഗ സഹായകരമാണ്.
സന്ധിവാതമുള്ള ആളുകൾ പതിവായി യോഗ ചെയ്യുന്നത് വേദന കുറക്കുമെന്ന് പഠനങ്ങൾ പറയുന്നു. മാത്രവുമല്ല, രോഗപ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിലും യോഗയ്‌ക്ക് വലിയ പങ്കുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്നും യോഗ സംരക്ഷിക്കുന്നു.
രോഗപ്രതിരോധ സംവിധാനം മാനസികാരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ഘടകമായാണ് കണക്കാക്കപ്പെടുന്നത്. ശക്തമായ പ്രതിരോധ സംവിധാനം വിശ്രമവും സമ്മർദം കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃത്യമായ ഉറക്കവും വിശ്രമവും ദിവസേന ശരീരത്തിന് ലഭിക്കേണ്ടതുണ്ട്.
എങ്കില്‍ മാത്രമേ ശരീരത്തെ എപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താൻ സാധിക്കൂ. ഉറക്കക്കുറവ് പരിഹരിക്കാൻ യോഗ ശീലം ജീവിതത്തിന്‍റെ ഭാഗമാക്കുന്നത് സഹായിക്കും. സന്ധി വേദന, പേശിവേദന, തുടങ്ങിയ പ്രശ്‌നങ്ങൾ ഉള്ളവർ യോഗ ചെയ്യുന്നത് ശീലമാക്കിയാല്‍ ക്രമേണ അതില്‍ നിന്നും മോചനം നേടാൻ സാധിക്കും.
യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?യോഗ ചെയ്യുമ്പോൾ ചില കാര്യങ്ങളില്‍ നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
- യോഗ ചെയ്യുന്നതിനിടെ കിതപ്പ് തോന്നിയാൽ വിശ്രമത്തിന് ശേഷം മാത്രമെ അടുത്ത യോഗയിലേക്ക് കടക്കാവൂ.
- യോഗ ചെയ്യുമ്പോൾ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
- തറയില്‍ യോഗ മാറ്റ് വിരിച്ച ശേഷം മാത്രം യോഗ അഭ്യസിക്കുക.
- യോഗ ചെയ്യുമ്പോൾ വൃത്തിയുള്ളതും വിശാലവും വായുസഞ്ചാരമുള്ളതുമായ സ്ഥലം തിരഞ്ഞെടുക്കണം.
- കഠിനമായ മാനസിക സംഘർഷങ്ങൾ ഉള്ളപ്പോഴും രോഗത്തിന്‍റെ മൂർദ്ധന്യാവസ്ഥയിലും യോഗ ചെയ്യുന്നത് ഒഴിവാക്കുക.
- ബലംപിടിച്ചോ വളരെയധികം കഷ്ടപ്പെട്ടോ ചെയ്യേണ്ട ഒന്നല്ല യോഗ. സംസാരിച്ചുകൊണ്ടോ മറ്റ് കർമങ്ങളിലേർപ്പെട്ട് കൊണ്ടോ യോഗ അഭ്യസിക്കരുത്.
- വയറു നിറഞ്ഞിരിക്കുമ്പോൾ യോഗ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ച് നാലുമണിക്കൂർ കഴിഞ്ഞ ശേഷമെ യോഗ ചെയ്യാൻ പാടുള്ളൂ. യോഗ കഴിഞ്ഞ് അരമണിക്കൂറിന് ശേഷമേ ഭക്ഷണം കഴിക്കാവൂ എന്നതും ഓർക്കുക.
- യോഗാഭ്യാസി മദ്യപാനം, പുകവലി, മുറുക്ക് മുതലായവ ഒഴിവാക്കുന്നതാവും ഉത്തമം.
യോഗാസനങ്ങൾ: ആരോഗ്യകരവും സന്തുഷ്‌ടവുമായ ജീവിതം നയിക്കാൻ നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് തന്നെ പരിശീലിക്കാവുന്ന അഞ്ച് യോഗ ആസനങ്ങൾ പരിചയപ്പെടാം.
സുഖാസനം:ചമ്രം പടിഞ്ഞിരുന്നു സുഖമായി ചെയ്യാവുന്ന ഒരു യോഗമുറയാണിത്. അതിനായി ആദ്യം കാലുകൾ കവച്ചുവച്ച്, പരമാവധി നിവർന്നിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ പുറം ഭാഗം നിവർത്തി വയ്‌ക്കാൻ ശ്രമിക്കുക. കൈകൾ കാൽമുട്ടിൽ തൊടുന്ന രീതിയിൽ മടിയിൽ വയ്ക്കുക. ഇത് നമ്മുടെ മനസിനെ ഏകാഗ്രമാക്കാൻ സഹായിക്കുകയും ഒപ്പം മനസിനെ ശാന്തമാക്കുകയും ചെയ്യുന്നു. ധ്യാനം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച ആസനമാണിത്.
അനുലോം വിലോം:ശ്വസന വ്യായാമങ്ങളില്‍ ഏറ്റവും പ്രയോജനകരമായ ഒന്നായ അനുലോം വിലോംയോഗാ പരിശീലനത്തിൽ വളരെ ലളിതവും എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നുമാണ്. മൂക്കിന്‍റെ ഒരു ദ്വാരം അടച്ചു പിടിച്ച ശേഷം മറ്റേ വശത്തിലൂടെ ദീര്‍ഘമായി ശ്വാസമെടുക്കുക. അതിനുശേഷം അടച്ച് പിടിച്ച വശം തുറന്ന് ശ്വാസം പുറത്തേക്കു വിടുക എന്നതാണ് അനുലോം വിലോം പരിശീലന രീതി.
ശരീരത്തിന്‍റെ ഊർജപ്രവാഹം സന്തുലിതമാക്കാൻ ഇത് സഹായിക്കുന്നു. പതിവായി അനുലോം വിലോം പരിശീലിക്കുന്നതിലൂടെ, നിങ്ങൾക്ക് ശ്വസന കാര്യക്ഷമത മെച്ചപ്പെടുത്താനും ഓക്‌സിജൻ ഉപഭോഗം വർധിപ്പിക്കാനും ശരീരത്തിൽ നിന്ന് വിഷവസ്‌തുക്കളെ നീക്കം ചെയ്യാനും കഴിയും. വിശ്രമം, മാനസികമായ വ്യക്തത, ശ്രദ്ധ എന്നിവയെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ആസ്‌ത്‌മ പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് ഇത് ഗുണം ചെയ്യും.
ബാലാസന:ഈ ആസനം ശരീരത്തിനും മനസിനും നിരവധി ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ശരീരത്തിന്‍റെ മൊത്തത്തിലുളള ബലം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ബാലാസനം. തറയിൽ കിടന്ന ശേഷം കാലുകൾ ഇടുപ്പിന്‍റെ അകലത്തിൽ അകത്തി വച്ച് പാദങ്ങൾ നിലത്ത് കുത്തി നിർത്തുക. തുടർന്ന് വലത് കണങ്കാൽ ഇടത് തുടയിൽ വയ്‌ക്കുക. ഈ ആസനത്തിൽ ഉടനീളം കാൽ മടക്കി തന്നെ വയ്‌ക്കണം.
വലതു കൈ കാലുകളുടെ ഇടയിലും ഇടത് കൈ ഇടത് തുടക്ക് പുറത്തും വയ്‌ക്കുക. നിങ്ങൾക്ക് ലഭ്യമായ സ്ഥലത്തെ ആശ്രയിച്ച് വിരലുകൾ നിങ്ങളുടെ കാൽമുട്ടിന് പിന്നിലോ കണങ്കാലിന് മുകളിലോ പരസ്പരം ബന്ധിപ്പിക്കുക. പുറക് വശവും തോളും വിശ്രമിക്കുവാൻ അനുവദിക്കുക. ഏതെങ്കിലും ഒരു വശത്ത് ഒന്ന് മുതൽ മൂന്ന് വരെ മിനിറ്റിനിടയിൽ തുടരുക, ശേഷം വശങ്ങൾ മാറ്റുക. യോഗാ സെഷനിൽ ഏത് സമയത്തും ഇത് പരിശീലിക്കാം. ദിനവും അഞ്ച് മിനിറ്റ് നേരമെങ്കിലും ബാലാസനം ചെയ്യുന്നത് നല്ലതാണ്.
ഭുജംഗാസനം:നട്ടെല്ലിന്‍റെ വഴക്കവും ബലവും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മികച്ച പോസാണ് ഭുജംഗാസനം. ഇത് നിങ്ങളുടെ നട്ടെല്ലിലെ പേശികളെ ശക്തിപ്പെടുത്തുകയും നീട്ടുകയും ചെയ്യും. പ്രത്യേകിച്ച് പ്രത്യുത്പാദന അവയവങ്ങളിലേക്കും സുഷുമ്‌നാ പ്രദേശങ്ങളിലേക്കും രക്തയോട്ടം വർധിപ്പിക്കുന്നതുമായ ഒരു ചരിഞ്ഞ ബാക്ക്‌ബെൻഡ് പോസാണിത്. ശരിയായ വിന്യാസത്തോടെ ഭുജംഗാസനം പരിശീലിക്കുന്നതും നിങ്ങളുടെ ശരീരത്തിന്‍റെ പരിമിതികൾ മനസിൽ സൂക്ഷിക്കുന്നതും പ്രധാനമാണ്.
ശവാസനം: യോഗ പരിശീലനത്തിന്‍റെ അവസാന ഘട്ടത്തിലാണ് ശവാസനം സാധാരണയായി ചെയ്യാറ്. ഇതിനായി നിലത്ത് മലർന്ന് കിടക്കുക, നിങ്ങളുടെ കാൽപാദങ്ങൾ യോഗ മാറ്റിന്‍റെ വീതിയിൽ വിടർത്തി, അയച്ചിടുകയും, കൈകൾ നിങ്ങളുടെ ശരീരത്തിൽ നിന്ന് ഏതാനും ഇഞ്ച് അകലെയായി മലർത്തി വയ്‌ക്കുകയും ചെയ്യുക. ഈ ഘട്ടത്തിൽ ശരീരം മുഴുവൻ ഒരു വിശ്രമ സ്ഥാനത്തായിരിക്കണം.
മാത്രമല്ല നിങ്ങളുടെ പേശികൾ ഏതെങ്കിലും തരത്തിലുള്ള സമ്മർദത്തിൽ നിന്ന് മോചിതമാവുകയും വേണം. നിങ്ങളുടെ ശ്വസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ശ്വസിക്കുകയും ശ്വാസം വിടുകയും ചെയ്യുമ്പോൾ അടിവയർ ഉയരുകയും താഴുകയും വേണം. ഇത് നിങ്ങളുടെ ശരീരത്തിലെ എല്ലാ ഊർജവും പുനഃസ്ഥാപിക്കാൻ സഹായിക്കുകയും ഏകാഗ്രത മെച്ചപ്പെടുത്തുകയും ചെയ്യും. ശാരീരികമായും മാനസികമായും പൂർണമായ വിശ്രമം കൈവരിക്കാനും ശരീരത്തിലെ സമ്മർദം, ഉത്കണ്ഠ, ക്ഷീണം എന്നിവ കുറയ്ക്കാനും ഈ ആസനം സഹായിക്കുന്നു.