ലഡാക്ക് :ഒമ്പതാമത് അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തും വിപുലമായ ആഘോഷ ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ലഡാക്കിലെ പാംഗോങ് ത്സോ തടാകത്തിൽ ഇന്ത്യൻ കരസേനാംഗങ്ങൾ യോഗാഭ്യാസം നടത്തി. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഡൽഹി കന്‍റോൺമെന്‍റിൽ യോഗ അവതരിപ്പിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നാവികസേന മേധാവി അഡ്‌മിറൽ ആർ ഹരികുമാറിനൊപ്പം കൊച്ചിയിൽ ഐഎൻഎസ് വിക്രാന്തിലാണ് യോഗാഭ്യാസം നടത്തിയത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ ആസ്ഥാനത്ത് അന്താരാഷ്‌ട്ര യോഗ ദിനം ആഘോഷിച്ചു. ഇന്ത്യൻ സമയം വൈകിട്ട് 5.30ന് ഐക്യരാഷ്‌ട്രസഭയുടെ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന യോഗ പരിപാടിയിൽ പങ്കെടുക്കുമെന്ന് മോദി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് യുഎൻ ആസ്ഥാനത്ത് ഇത്തരത്തില്‍ ഒരു യോഗ സെഷൻ നടക്കുന്നത്.
ഇന്ത്യയുടെ ആഹ്വാനത്തിന് പിന്നാലെ യോഗ ദിനം ആഘോഷിക്കാൻ 180 രാജ്യങ്ങൾ ഒത്തുചേർന്നത് ചരിത്രപരമാണ്. 2014ൽ ഐക്യരാഷ്‌ട്രസഭയുടെ ജനറൽ അസംബ്ലി യോഗ ദിനത്തിനായുള്ള നിർദേശം മുന്നോട്ട് വച്ചപ്പോൾ റെക്കോർഡ് എണ്ണം രാജ്യങ്ങളാണ് പിന്തുണച്ചത്. മോദി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
ലോകം മുഴുവൻ ഒരു കുടുംബമെന്ന ആശയത്തിന്‍റെ വിപുലീകരണത്തിനായാണ് യോഗയുടെ പ്രചരണം. 'വസുധൈവ കുടുംബത്തിന് യോഗ' എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം. 'ഞങ്ങൾ എപ്പോഴും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും പുതിയതിനെ സ്വീകരിക്കുന്നതിനുമുള്ള പാരമ്പര്യങ്ങളെ വിലമതിക്കുന്നു. ഞങ്ങൾ പുതിയ ആശയങ്ങളെ സ്വാഗതം ചെയ്‌തു. അവയെ സ്വാഗതം ചെയ്‌ത് സംരക്ഷിച്ചു.
യോഗ നമ്മുടെ ഉൾക്കാഴ്‌ചയെ വിപുലീകരിക്കുന്നു. ജീവന്‍റെ ഐക്യം സാക്ഷാത്കരിക്കുന്ന ബോധവുമായി യോഗ നമ്മെ ബന്ധിപ്പിക്കും. അത് ജീവനുള്ളവയോടുള്ള സ്‌നേഹത്തിന്‍റെ അടിസ്ഥാനം നൽകുന്നു. അതിനാൽ യോഗയിലൂടെ നമ്മുടെ വൈരുദ്ധ്യങ്ങൾ അവസാനിപ്പിക്കാൻ സാധിക്കും. നാം യോഗ ചെയ്യണം. യോഗയിലൂടെ നമ്മുടെ പ്രതിസന്ധികളെ ഇല്ലാതാക്കാൻ കഴിയും, മോദി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.