ഇന്ന് അന്താരാഷ്‌ട്ര വനിത ദിനം. ലിംഗ സമത്വത്തെ കുറിച്ചുള്ള അവബോധം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടു കൂടി മാർച്ച് 8നാണ് ലോകമെമ്പാടും വനിത ദിനം ആചരിക്കുന്നത്.
#BreakTheBias സുസ്ഥിരമായ നാളേക്ക് ലിംഗ തുല്യത എന്നതാണ് ഈ വർഷത്തെ വനിത ദിനത്തിന്‍റെ പ്രമേയം. ഈ വർഷത്തെ പ്രമേയം പ്രകാരം ലോകമെമ്പാടുമുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും നേട്ടങ്ങളെ ആദരിക്കും.
പ്രാധാന്യം
സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുക, സ്ത്രീ സമത്വത്തെക്കുറിച്ച് അവബോധം വളർത്തുക, ലിംഗ സമത്വത്തിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക, സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണം എന്നിവയും അന്താരാഷ്‌ട്ര വനിത ദിനം ലക്ഷ്യമിടുന്നു.
ചരിത്രം
ജനസംഖ്യ വർധനവും വ്യാവസായികപരമായി വളർച്ചയുമുണ്ടായ കാലഘട്ടമായ 1900കളുടെ തുടക്കം മുതലാണ് അന്താരാഷ്‌ട്ര വനിത ദിനം ആചരിക്കാൻ തുടങ്ങിയത്. സ്ത്രീകളുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, രാഷ്‌ട്രീയ നേട്ടങ്ങളെ അടയാളപ്പെടുത്തുന്നതിനായാണ് മാർച്ച് 8ന് അന്താരാഷ്ട്ര വനിത ദിനം ആചരിച്ചുവരുന്നത്. ലിംഗ സമത്വം ത്വരിതപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കായുള്ള ആഹ്വാനം കൂടിയാണ് വനിത ദിനം ലക്ഷ്യമിടുന്നത്.
സമൂഹത്തിൽ സ്ത്രീകൾ അനുഭവിച്ച അടിച്ചമർത്തലും അസമത്വവും ലിംഗ സമത്വത്തിനെതിരെ പോരാടാൻ സ്ത്രീകളെ പ്രേരിപ്പിച്ചു. 1908ൽ ന്യൂയോർക്കിലെ നെയ്‌ത്ത് ശാലകളിലെ 15,000ഓളം സ്ത്രീകൾ കുറഞ്ഞ പ്രവൃത്തി സമയം, മെച്ചപ്പെട്ട വേതനം, വോട്ടവകാശം എന്നിവയ്ക്കു വേണ്ടി തെരുവിലിറങ്ങി.
ഇതിനടുത്ത വർഷം സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയുടെ പ്രഖ്യാപനത്തിന് അനുസൃതമായി ഫെബ്രുവരി 28ന് അമേരിക്കയിലുടനീളം ആദ്യത്തെ ദേശീയ വനിത ദിനം ആചരിച്ചു. 1913 വരെ ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച സ്ത്രീകൾ ദേശീയ വനിത ദിനം ആഘോഷിക്കുന്നത് തുടർന്നു.
1917ലെ ഫെബ്രുവരിയിലെ അവസാന ഞായറാഴ്ചയായ ഫെബ്രുവരി 23ന് റഷ്യൻ സ്ത്രീകൾ ഭക്ഷണത്തിനും സമാധാനത്തിനുമായി പ്രതിഷേധം നടത്തുകയും ആദ്യത്തെ അന്താരാഷ്‌ട്ര വനിത ദിനമായി ആചരിക്കുകയും ചെയ്‌തു. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഇത് മാർച്ച് 8 ആയിരുന്നു. പിന്നീട് നടന്ന ചർച്ചകൾക്ക് ശേഷം മാർച്ച് 8ന് അന്താരാഷ്ട്ര വനിത ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഇടിവി ഭാരതിന്‍റെ വനിത ദിനാശംസകൾ
Also Read: ജീവിതം കൊണ്ട് വിസ്‌മയിപ്പിച്ച, പോരാട്ടം കൊണ്ട് തിരുത്തിച്ച കേരളത്തിന്‍റെ കരുത്തുറ്റ പെണ്ണുങ്ങള്‍