ന്യൂഡല്‍ഹി :ലൈംഗിക അതിക്രമ പരാതി നേരിടുന്ന, ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുരുതര ആരോപണവുമായി അന്താരാഷ്‌ട്ര റഫറി ജഗ്‌ബീര്‍ സിങ്. ഒരു സ്‌ത്രീയെ തൊടാന്‍ പോലും പാടില്ലാത്ത ഇടത്തുവച്ച് ബ്രിജ് ഭൂഷണ്‍ വനിത ഗുസ്‌തി താരത്തെ കടന്ന് പിടിക്കുകയായിരുന്നു എന്നാണ് ജഗ്‌ബീര്‍ സിങ് പറഞ്ഞത്. ലഖ്‌നൗവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ജഗ്‌ബീര്‍ സിങ്ങിന്‍റെ പരാമര്‍ശം.
ബ്രിജ് ഭൂഷണ്‍ വനിത ഗുസ്‌തി താരങ്ങളോട് മോശമായി പെരുമാറിയ മറ്റ് സംഭവങ്ങളും ഇടിവി ഭാരതിനോട് സംസാരിച്ച ജഗ്‌ബീര്‍ സിങ് പങ്കുവച്ചു. 2022 മാർച്ച് 25 ന് ലഖ്‌നൗവിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഗുസ്‌തി ഇവന്‍റിനായുള്ള ട്രയൽസ് സമയത്ത് ബ്രിജ് ഭൂഷൺ ഒരു വനിത താരത്തോട് അപമര്യാദയായി പെരുമാറി എന്ന് ജഗ്‌ബീര്‍ വെളിപ്പെടുത്തി.
സംഭവത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ട്രയൽസിന് ശേഷം, അഖിലേന്ത്യ റെസ്‌ലിങ് ഫെഡറേഷന്‍ മേധാവി, പരിശീലകർ, കായിക സ്റ്റാഫ് എന്നിവരോടൊപ്പം ഗുസ്‌തി താരങ്ങളുടെ ഫോട്ടോ സെഷൻ ഉണ്ടായിരുന്നു. ഫോട്ടോ സെഷനിൽ, ഒരു വനിത താരം ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷണിനരികില്‍ നിന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ വനിത ഗുസ്‌തി താരം അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങി. എല്ലാവരും അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്തെല്ലാമോ പിറുപിറുത്തുകൊണ്ട് അവള്‍ അവിടെ നിന്ന് മാറി പോവുകയാണ് ഉണ്ടായത്.
2013-ൽ ജൂനിയർ ഏഷ്യ ചാമ്പ്യൻഷിപ്പിനിടെ തായ്‌ലൻഡിലെ ഫുക്കറ്റിൽ വച്ച് പ്രായപൂർത്തിയാകാത്ത വനിത ഗുസ്‌തി താരത്തോട് ബ്രിജ് ഭൂഷൺ അനുചിതമായി പെരുമാറിയ മറ്റൊരു സംഭവവും റഫറി പങ്കുവച്ചു. 'ഞങ്ങളുടെ ഗുസ്‌തി താരങ്ങളില്‍ ഏറെ പേരും സസ്യാഹാരം കഴിക്കുന്നവരും പാല്‍ ഉത്‌പന്നങ്ങള്‍ കഴിക്കുന്നവരുമാണ്. മാംസവും കടൽ വിഭവങ്ങളും എണ്ണമയമുള്ള ഭക്ഷണങ്ങളും കഴിക്കാത്തവരായതിനാല്‍ തായ് ഹോട്ടലിൽ അത്താഴത്തിന് ഇന്ത്യൻ ഭക്ഷണം ക്രമീകരിക്കുമെന്ന് ബ്രിജ് ഭൂഷണ്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് പറഞ്ഞു.
ബ്രിജ് ഭൂഷണ്‍ ഗുസ്‌തി താരങ്ങളെ അഭിനന്ദിക്കുകയും സപ്ലിമെന്‍റുകള്‍, ജേഴ്‌സികള്‍ തുടങ്ങി അവര്‍ക്ക് ആവശ്യമുള്ള വസ്‌തുക്കള്‍ നല്‍കാമെന്ന് വാഗ്‌ദാനം ചെയ്യുകയുമുണ്ടായി. കൂടാതെ താരങ്ങളുടെ എന്താവശ്യത്തിനും കൂടെയുണ്ടെന്നും പറഞ്ഞിരുന്നു. തായ്‌ലന്‍ഡില്‍ നിന്നുള്ള ബ്രിജ് ഭൂഷണിന്‍റെ ഏതാനും സുഹൃത്തുക്കളും ഹോട്ടലില്‍ ഉണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന ഇവര്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറി' - ജഗ്‌ബീര്‍ സിങ് പറഞ്ഞു.
എന്തുകൊണ്ടാണ് താരങ്ങള്‍ ഇത്രനാള്‍ പ്രതികരിക്കാതിരുന്നത് എന്ന ചോദ്യത്തിന്, 'സംരക്ഷകന്‍ തന്നെ ആക്രമിക്കുമ്പോള്‍ പോകാന്‍ മറ്റൊരു ഇടമില്ല' എന്നായിരുന്നു ജഗ്‌ബീറിന്‍റെ മറുപടി. ബ്രിജ് ഭൂഷണ്‍ ഫെഡറേഷന്‍റെ തലവനായതുകൊണ്ടും സ്വാധീനമുള്ള വ്യക്തിയായിനാലും വനിത താരങ്ങള്‍ അടക്കുള്ളവര്‍ തങ്ങളുടെ കരിയറിനെ കുറിച്ചോര്‍ത്ത് ഭയപ്പെടുന്നുണ്ടെന്നും ജഗ്‌ബീര്‍ പറഞ്ഞു. ബ്രിജ് ഭൂഷണിനെതിരെ സമരം നടത്തുന്ന ഗുസ്‌തി താരങ്ങള്‍ സമ്മര്‍ദത്തിലാണോ എന്ന ചോദ്യത്തിന് ജഗ്‌ബീര്‍ പറഞ്ഞ മറുപടി ഇങ്ങനെ, 'അവരെല്ലാം ഗുരുതരമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നു. നിരന്തരമായ ഭീഷണിയിലാണ് അവര്‍. ശക്തനും സ്വാധീനവാനുമായ ഒരാള്‍ക്കെതിരെ പോരാടുക എന്നത് വളരെ ബുദ്ധിമുട്ടാണ്'.
വനിത അത്‌ലറ്റുകളെ ലൈംഗിക ഉദ്ദേശത്തോടെ സ്‌പര്‍ശിച്ചു, അനുചിതവും വ്യക്തിപരവുമായ ചോദ്യങ്ങൾ ചോദിച്ചു, അവരുടെ കരിയറിനെ പിന്തുണയ്ക്കാൻ ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിച്ചു, പ്രായപൂർത്തിയാകാത്ത താരത്തിന്‍റെ നെഞ്ചിൽ സ്‌പര്‍ശിക്കുകയും കുട്ടിയ്‌ക്ക് അസ്വസ്ഥതയുണ്ടാകുന്ന രീതിയില്‍ പിന്തുടരുകയും ചെയ്‌തു എന്നിവയാണ് ബ്രിജ് ഭൂഷണിനെതിരെ രജിസ്റ്റർ ചെയ്‌ത രണ്ട് എഫ്‌ഐആറുകളിലായി പറയുന്നത്. അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, പ്രായപൂർത്തിയാകാത്ത ഗുസ്‌തി താരത്തിന്‍റെ പിതാവ്, ഇവന്‍റ് സമയത്ത് മൈനര്‍ ആയിരുന്നില്ല എന്നും കോടതിയിൽ പുതിയ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു.
ഇതിനോട് പ്രതികരിച്ച ജഗ്‌ബീര്‍, 'മാച്ച് നടക്കുമ്പോള്‍ ആ കുട്ടിയ്‌ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല. ഔദ്യോഗിക രേഖകള്‍ പരിപാലിക്കുന്ന അധികൃതര്‍ക്ക് അത് അറിയാന്‍ സാധിക്കും. പിന്നെ എന്തിനാണ് ആ കുട്ടി മൈനര്‍ ആയിരുന്നില്ല എന്ന തരത്തില്‍ പ്രശ്‌നം ഉന്നയിക്കുന്നത്' എന്നാണ് ആരാഞ്ഞത്. എന്നാല്‍ തനിക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോഴും അവയെല്ലാം നിഷേധിക്കുകയാണ് ബ്രിജ് ഭൂഷണ്‍. പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലും റസ്‌ലിങ് ഫെഡറേഷന്‍ തലവന്‍ പ്രതികരിച്ചിരുന്നു.