കേരളം

kerala

ETV Bharat / bharat

നിസ്വാർഥ സ്നേഹത്തിന്‍റെയും അതുല്യ ത്യാഗത്തിന്‍റെയും അമ്മ മനസ് ; കാരുണ്യക്കരുതലിന്‍റെ മടിത്തട്ട്

അമ്മയുടെ കരുതലിനും സ്നേഹത്തിനും മുന്നില്‍ മാതൃദിനത്തിൽ ലോകം ഒന്നുചേരുകയാണ്

INTERNATIONAL MOTHERS DAY  mothers day celebration ideas  mothers day  മാതൃദിനം  മാതൃദിനാശംസ
INTERNATIONAL MOTHERS DAY

By

Published : May 8, 2022, 8:38 AM IST

മാതാവിനേയും മാതൃത്വത്തെയും ആദരിക്കുന്ന ദിവസമാണ് ലോക മാതൃദിനം. ഈ ദിനത്തില്‍ അമ്മമാരുടെ ത്യാഗങ്ങളും സ്നേഹവും ലോകം മുഴുവൻ ആഘോഷിക്കുന്നു. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്.

പുരാതന ഗ്രീക്കിലെ ദേവമാതാവായ റിയോയോടുള്ള ആദര സൂചകമായാണ് മാതൃദിനം ആഘോഷിച്ച് തുടങ്ങിയത്. പിന്നീട് അത് ആഗോള സംസ്‌കാരിത്തിന്‍റെ ഭാഗമായി മാറി. ശാസിക്കാനും സ്നേഹിക്കാനും ത്യജിക്കാനും ഒരേ സമയം സാധിക്കുന്ന വ്യക്തി. അതാണ് അമ്മ.

അമ്മയുടെ കരുതലിനും സ്നേഹത്തിനും മുന്നില്‍ മാതൃദിനത്തിൽ ലോകം ഒന്നുചേരുകയാണ്. അമ്മയുടെ സ്‌നേഹത്തിന് പകരം നൽകാൻ ഒരു ദിവസം ആവശ്യമില്ലെങ്കിലും കാലങ്ങളായി ലോകമെമ്പാടും മാതൃദിനം ആഘോഷിക്കുന്നു.

ആദ്യ മാതൃ ദിനം: അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയയില്‍ ജനിച്ച അന്ന മേരി ജാര്‍വിസാണ് ലോക മാതൃ ദിനം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. സ്വന്തം അമ്മയെ ആദരിക്കാനായാണ് അവർ ഇങ്ങനെയൊരു ദിനം ആദ്യമായി സംഘടിപ്പിച്ചത്. അന്ന മേരി ജാർവിസിന്‍റെ അശ്രാന്ത പരിശ്രമത്തെത്തുടർന്ന് അമേരിക്കൻ ഐക്യനാടുകളുടെ 28-ാമത്തെ പ്രസിഡന്‍റ് തോമസ് വുഡ്രോ വിൽസൺ 1914 മെയ് 9ന് പ്രഖ്യാപനത്തിലൂടെ അമേരിക്കയില്‍ മാതൃ ദിനം എന്നത് യാഥാർഥ്യമാക്കി.

തുടര്‍ന്ന് അമേരിക്കൻ ഐക്യനാടുകളിൽ മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്‌ച അമ്മമാരോടുള്ള സ്നേഹത്തിന്‍റെയും ബഹുമാനത്തിന്‍റെയും സൂചകമായി ദേശീയ അവധിദിനമായി ആചരിക്കാന്‍ ആരംഭിച്ചു. പിന്നീട് മാതൃദിനം എന്ന ആശയം കുത്തക വ്യവസായങ്ങള്‍ തങ്ങളുടെ സ്വാര്‍ഥ ലാഭത്തിനായി ചൂഷണം ചെയ്യുകയാണെന്ന് തിരിച്ചറിഞ്ഞ അന്ന ജാർവിസ് മാതൃദിനം പിന്‍വലിക്കണം എന്ന ആവശ്യവുമായി മറ്റൊരു മുന്നേറ്റത്തിനും നേതൃത്വം നൽകുകയുണ്ടായി.

25 കൊല്ലങ്ങള്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപിക ആയിരുന്ന അന്ന ജാർവിസിന്‍റെ അമ്മയ്ക്കായി 1908 മെയ് 10ന് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ ഒരു പൊതു ചടങ്ങ് നടത്തി. പങ്കെടുത്ത എല്ലാവർക്കുമായി 500 വെള്ള കാർണേഷനുകൾ സംഭാവന നല്‍കിയാണ് അന്ന് അവര്‍ ഔദ്യോഗികമായി മാതൃദിനം ആചരിച്ചത്.

അമ്മമാരെ കുറിച്ച് മഹത് വ്യക്തിത്വങ്ങളുടെ വാക്കുകളിലൂടെ :“മാതൃത്വത്തിന്‍റെ സ്വാഭാവിക അവസ്ഥ നിസ്വാർഥതയാണ്. നിങ്ങൾ ഒരു അമ്മയാകുമ്പോൾ നിങ്ങൾ ഇപ്പോഴുള്ള നിങ്ങളുടെ സ്വന്തം പ്രപഞ്ചത്തിന്‍റെ കേന്ദ്ര ബിന്ദു അല്ല. നിങ്ങൾ ആ സ്ഥാനം നിങ്ങളുടെ കുട്ടികൾക്ക് വിട്ടുകൊടുക്കുന്നു ”- ജെസീക്ക ലാഞ്ച്

“നിങ്ങളുടെ ഹൃദയത്തെ ആദ്യം നിറയ്ക്കുന്നത് അമ്മയാണ്.” - ആമി ടാൻ“തന്‍റെ കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് ഒരു അമ്മയ്ക്ക് അറിയാം, ഇനി അവള്‍ അത് സ്വയം കണ്ടില്ലെങ്കില്‍ പോലും.” - പ്രമോദ്യ അനന്ത ടോർ

“സ്വന്തം അമ്മയുടെ കൈകൾ മറ്റാരേക്കാളും ആശ്വാസദായകമാണ്.” - ഡയാന രാജകുമാരി

“എന്‍റെ അമ്മയുടെ മുഖം കണ്ടുകൊണ്ടും അതിനെ സ്നേഹിക്കുകയും ചെയ്‌തുകൊണ്ടാണ് ഞാൻ എന്‍റെ ജീവിതം ആരംഭിച്ചത്.” - ജോർജ്ജ് എലിയറ്റ്

“അമ്മ: എല്ലാ സ്നേഹവും ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത് അവിടെയാണ് ” - റോബർട്ട് ബ്രൌണിങ്

“ദൈവത്തിന് എല്ലായിടത്തും ഒരു സമയത്ത് എത്താൻ കഴിയില്ല, അതിനാൽ ദൈവം അമ്മയെ സൃഷ്ടിച്ചു ” - റൂഡ്യാർഡ് കിപ്ലിംഗ്

"നമ്മുടെ അമ്മമാർ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഒരാള്‍ക്ക് എത്ര വയസുണ്ടെങ്കിലും അവർക്ക് അമ്മയെ വേണം എന്നതാണ് സത്യം " - ഗോൾഡി ഹോൺ

“ലോകത്തിന് നിങ്ങൾ ഒരു വ്യക്തി മാത്രം ആയിരിക്കാം. എന്നാൽ നിങ്ങളുടെ അമ്മയെ സംബന്ധിച്ചിടത്തോളം നിങ്ങൾ തന്നെയാണ് അവരുടെ ലോകം ” – ഡോ. സൂയിസ്

“ഒരു തികഞ്ഞ അമ്മയാകാൻ ഒരു വഴിയുമില്ല, പക്ഷേ ഒരു നല്ല അമ്മയാകാന്‍ ദശലക്ഷക്കണക്കിന് വഴികളുമുണ്ട് ” - ജിൽ ചർച്ചിൽ

"ഞാൻ നിന്നെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യും, നീ പറയുന്ന ആരെയും, നീ പറയുന്ന ഏത് രീതിയിലും ഞാൻ നിന്നെ പരിപാലിക്കും. ഞാൻ ഇവിടെയുണ്ട്. ഞാൻ എന്‍റെ മുഴുവൻ ആത്മാവും നിന്നിലേക്ക് പകരുന്നു. ഞാൻ നിന്‍റെ അമ്മയാണ് " - മായ ആഞ്ചലോ

കരുതലിന്‍റെയും സുരക്ഷയുടെയും അണയാത്ത നാളങ്ങളാണ് ഓരോ കുട്ടികൾക്കും ലഭിക്കുന്ന അമ്മയുടെ സ്നേഹം. ഈ ദിനം മാത്രമല്ല, എന്നും അമ്മയുടെ നിസ്വാർഥ സ്‌നേഹത്തെ ആദരിക്കാം.

ABOUT THE AUTHOR

...view details