ഹൈദരാബാദ് : നവംബർ 19 ന്, അന്താരാഷ്ട്ര പുരുഷ ദിനം ആചരിക്കുന്നു (November 19, the global community celebrates International Men's Day). പുരുഷന്മാരുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും പോസിറ്റീവ് പുരുഷത്വം പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള പുരുഷന്മാരെയും ആൺകുട്ടികളെയും ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും അവരുടെ ആരോഗ്യം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുരുഷത്വത്തിന്‍റെ നല്ല വശങ്ങൾ ഉയർത്തിക്കാട്ടുന്നതിനൊപ്പം ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും ലിംഗഭേദങ്ങൾക്കിടയിൽ ആരോഗ്യകരമായ ബന്ധം വളർത്തുന്നതിനും പുരുഷന്മാരുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തെക്കുറിച്ചുള്ള ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിശ്രമിക്കുന്നു.
ഈ വർഷത്തെ അന്താരാഷ്ട്ര പുരുഷ ദിനത്തിന്‍റെ ആശയം ആഗോളതലത്തിൽ പുരുഷന്മാരുടെ ആത്മഹത്യ അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. 'പൂജ്യം പുരുഷ ആത്മഹത്യ' (Zero Male Suicide) എന്നതാണ് പ്രധാന വിഷയം. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചും കുടുംബത്തിലും സമൂഹത്തിലുമുള്ള അവരുടെ പങ്കിനെക്കുറിച്ചും ഓര്‍മപ്പെടുത്തുന്നതില്‍ ഈ ദിനത്തിന് വലിയ പ്രാധാന്യമുണ്ട്.
ചരിത്രത്തിലേക്ക്(International Men's Day history):1992 നവംബർ 19 നാണ് യുനസ്കോ (UNESCO)യുടെ ആഹ്വാന പ്രകാരം പുരുഷ ദിനം ആചരിക്കാൻ തുടങ്ങിയത്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ ആണ് യുനസ്കോ ഈ ദിനം ആചരിക്കുന്നതിന് തുടക്കം കുറിച്ചത്. മാനസികാരോഗ്യ പ്രശ്‌നങ്ങൾ, ലിംഗസമത്വം, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, പോസിറ്റീവായ പുരുഷ മാതൃകകൾ പ്രദാനം ചെയ്യുക എന്നിങ്ങനെ പുരുഷന്മാർ നേരിടുന്ന വിവിധ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയിൽ പുരുഷ ദിനാചരണം തുടങ്ങുന്നത് 2007 മുതലാണ്. സേവ് ഇന്ത്യൻ ഫാമിലി എന്ന പുരുഷാവകാശ സംഘടനയാണ് പുരുഷ ദിനാചരണം ഇന്ത്യയിലേക്ക് എത്തിച്ചത്.