മുംബൈ: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശ്രമം പരാജയപ്പെടുത്തി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) . 500 ഗ്രാം ആംഫെറ്റാമൈൻ മരുന്ന് എൻസിബി പിടിച്ചെടുത്തു. മുംബൈയിൽ നിന്ന് ന്യൂസിലൻഡിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്നായിരുന്നു ഇതെന്നാണ് റിപ്പോർട്ടുകൾ.
മുംബൈ മേഖല എൻസിബി ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ അന്ധേരി പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇൻഡക്ഷൻ കുക്ക്ടോപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ മയക്കുമരുന്ന് ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലേക്ക് കടത്താൻ ആയിരുന്നു ശ്രമം.
നേരത്തെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഹൈദരാബാദിൽ നിന്ന് വലിയ അളവിൽ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ആന്ധ്ര പ്രദേശിലെ സീലേരുവിൽ നിന്ന് പൂനെയിലേക്ക് ട്രക്കിൽ കടത്താൻ ശ്രമിച്ച ആയിരത്തിലധികം പാക്കറ്റ് കഞ്ചാവാണ് അധികൃതർ പിടിച്ചെടുത്തത്. കശുവണ്ടിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ഇത്. ഓരോ പാക്കറ്റും രണ്ട് കിലോ തൂക്കം വരും. നാല് പേരെ എൻസിബി അറസ്റ്റ് ചെയ്തിരുന്നു.
Also Read: 'ലഹരി വെടിയാം; വസ്‌തുതകൾ പങ്കുവയ്ക്കാം'
രാജ്യത്ത് മയക്കുമരുന്ന് ഉപയോഗത്തിന്‍റെ കേസുകൾ അധികൃതരെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. രാജ്യത്ത് 20 കോടിയിലധികം ആളുകൾ കഞ്ചാവ്, ഹാഷിഷ്, മദ്യം, മയക്കുമരുന്ന് തുടങ്ങിയവക്ക് അടിമകളാണെന്നാണ് കേന്ദ്രത്തിന്‍റെ കണക്കുകൾ. ഇത്രയും അധികം ആളുകൾ മയക്കുമരുന്ന് ബിസിനസ്സിൽ ഏർപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം പറഞ്ഞു.