വാരണാസി :ഇന്ത്യയില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയൊരുങ്ങുന്ന പുത്തന്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ഇന്ന് (സെപ്‌റ്റംബര്‍ 23) തറക്കല്ലിടും. പ്രധാന മന്ത്രിയുടെ തന്നെ ലോക്‌സഭ മണ്ഡലമായ വാരണാസിയിലെ ഗഞ്ചാരിയില്‍ ഏകദേശം 30,000 പേര്‍ക്ക് ഒരേ സമയം മത്സരങ്ങള്‍ കാണാന്‍ സൗകര്യമുള്ള രീതിയിലാണ് സ്റ്റേഡിയം ഒരുങ്ങുന്നത് (Varanasi Cricket Stadium). 450 കോടി രൂപയാണ് സ്റ്റേഡിയം നിര്‍മാണത്തിന്‍റെ ചെലവായി പ്രതീക്ഷിക്കുന്നത് (Varanasi Cricket Stadium Construction cost).
സ്ഥലമെടുപ്പിനായി ഉത്തര്‍പ്രദേശ് ഭരണകൂടം 120 കോടി രൂപയാണ് ചെലഴിച്ചത്. ശേഷിക്കുന്ന 330 കോടി രൂപയാണ് സ്റ്റേഡിയം നിര്‍മാണത്തിനായി ബിസിസിഐ ചെലവഴിക്കുക. ഇന്ന് നടക്കുന്ന തറക്കല്ലിടല്‍ ചടങ്ങില്‍ ബിസിസിഐ, ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം മറ്റ് നിരവധി മുന്‍ ക്രിക്കറ്റ് താരങ്ങളും പങ്കെടുക്കും.
എല്‍ ആന്‍ഡ് ടി കമ്പനിക്കാണ് (L&T Company) സ്റ്റേഡിയത്തിന്‍റെ നിര്‍മാണ ചുമതല. വാരണാസിയിലെ പുത്തന്‍ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ നിര്‍മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. അതിനുശേഷമായിരിക്കും സ്റ്റേഡിയത്തിന് സമീപത്തുള്ള പ്രദേശങ്ങളില്‍ നടത്തേണ്ട വികസന പ്രവര്‍ത്തികള്‍ക്ക് വാരണാസി ഭരണകൂടം അന്തിമ രൂപം നല്‍കുക.