ചെന്നൈ: റിലീസിന് മുന്നേ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ ' ദ കേരള സ്‌റ്റോറി ' തമിഴ്‌നാട്ടിൽ പ്രദർശിപ്പിച്ചാൽ പ്രതിഷേധങ്ങൾ ഉണ്ടായേക്കുമെന്ന് ഇന്‍റലിജൻസ് ബ്യൂറോ തമിഴ്‌നാട് പൊലീസിന് മുന്നറിയിപ്പ് നൽകി. അദാ ശർമ, സിദ്ധി ഇറ്റ്‌നാനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ചിത്രമാണ് ദ കേരള സ്‌റ്റോറി. ഏപ്രിൽ 26 ന് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലർ ഏറെ വിവാദങ്ങൾക്കും രാഷ്‌ട്രീയ ചർച്ചകൾക്കും വഴിവച്ചിരുന്നു.
ട്രെയിലറിന്‍റെ ഉള്ളടക്കം: ട്രെയിലറിൽ നാല് പെൺകുട്ടികൾ കേരളത്തിലെ ഒരു കോളജ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നതായും അതിൽ ഒരു മുസ്‌ലിം സ്‌ത്രീ കേരളത്തിലെ ഹിന്ദു സ്‌ത്രീകളെ തീവ്രവാദ സംഘടനകളിലേക്ക് മതം മാറ്റുകയും നിരവധി സ്‌ത്രീകളെ സിറിയയിലേക്ക് കടത്തുകയും ചെയ്യുന്നതായാണ് കാണിക്കുന്നത്. സിനിമ ഒരു യഥാർഥ സംഭവമാണെന്നും ഇതുവരെ മൂന്ന് സ്‌ത്രീകളെ ഇങ്ങനെ മതം മാറ്റിയിട്ടുണ്ടെന്നുമാണ് ആരോപിക്കുന്നത്.
32,000 മൂന്നായതിങ്ങനെ: 2022 നവംബറിൽ പുറത്തിറങ്ങിയ ടീസറിലെ വിവരണത്തിൽ കേരളത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും 32,000 സ്‌ത്രീകളെ മതം മാറ്റിയുണ്ടെന്നാണ് നൽകിയിരുന്നത്. ഏപ്രിൽ 26 നാണ് ട്രെയിലർ പുറത്തിറങ്ങിയത്. ട്രെയിലറിന്‍റെ ഉള്ളടക്കത്തെ സംബന്ധിച്ച് കേരളത്തിൽ ഭരണ - പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമായതോടെ 32,000 സ്‌ത്രീകൾ എന്നത് മൂന്ന് സ്‌ത്രീകൾ എന്നാക്കി സിനിമയുടെ നിർമാതാക്കൾ കഴിഞ്ഞ ദിവസം തിരുത്തിയിരുന്നു. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജികൾ സമർപ്പിക്കുകയും ചെയ്‌തിരുന്നു.