ന്യൂഡൽഹി :മാസങ്ങൾ പിന്നിട്ടിട്ടും നിലയ്‌ക്കാത്ത രക്‌തച്ചൊരിച്ചിലുമായി ആളിപ്പടരുകയാണ് മണിപ്പൂർ കലാപം (Manipur violence). ഇപ്പോൾ വംശീയ കലാപം കൂടുതൽ ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങിയേക്കാം എന്ന സൂചനകളാണ് പുറത്തുവരുന്നത്. മണിപ്പൂരിലെ താഴ്‌വരകൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമത ഗ്രൂപ്പുകളുടെ 300 ഓളം കേഡർമാർ മ്യാൻമറിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അവർ മണിപ്പൂരിലേക്ക് കടന്ന് അക്രമ പ്രവർത്തനങ്ങൾ നടത്തുമെന്നുമുള്ള ഇന്‍റലിജൻസ് റിപ്പോർട്ടാണ് ഇടിവി ഭാരതിന് ലഭിച്ചത്.
'താഴ്‌വര ആസ്ഥാനമാക്കിയുള്ള വിമത ഗ്രൂപ്പുകളുടെ 300 ഓളം കേഡറുകൾ നിലവിൽ ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇവർ തത്മദാവിന് (മ്യാൻമർ ആർമി) വേണ്ടി അട്ടിമറി വിരുദ്ധ സേനയുമായി പോരാടുകയാണ്. മ്യാൻമറിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ട് കഴിഞ്ഞാൽ ഈ വിമതർ ഇന്ത്യയിലേക്ക് കടന്ന് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കും'. ഇന്‍റലിജൻസ് റിപ്പോർട്ട് വ്യക്‌തമാക്കുന്നു.
'താഴ്വര അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളെല്ലാം സജീവമായി തുടരുന്നുണ്ട്. ഇവർ കൂടുതലും മ്യാൻമറിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഇന്തോ-മ്യാൻമർ അതിർത്തിയിലെ പട്രോളിങ് അടിയന്തരമായി ശക്‌തിപ്പെടുത്താൻ അതിർത്തി കാക്കുന്ന ഏജൻസികൾ ശ്രദ്ധിക്കേണ്ടതുണ്ട്.' ഇന്‍റലിജൻസ് റിപ്പോർട്ട് കൂട്ടിച്ചേർത്തു.
അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മിസോറാം, മണിപ്പൂർ എന്നിവയുൾപ്പെടെ നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളാണ് മ്യാൻമറുമായി അതിർത്തി പങ്കിടുന്നത്. 1,624 കിലോമീറ്റർ നീളമുള്ള ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ, മണിപ്പൂർ മ്യാൻമറുമായി 398 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.
അടിസ്ഥാനപരമായി മെയ്‌തി സമുദായത്തിൽ നിന്നുള്ളവരാണ് മണിപ്പൂരിലെ താഴ്‌വര ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിമത ഗ്രൂപ്പുകൾ. മ്യാൻമറിലെ നിരവധി കുക്കി തീവ്രവാദ സംഘടനകൾ മ്യാൻമർ സൈന്യത്തിനെതിരായി പ്രവർത്തിക്കുന്ന വിമതരെ പിന്തുണയ്ക്കുമ്പോൾ, മെയ്‌തി വിമത സംഘടനകൾ തത്മാദാവിനെയാണ് പിന്തുണയ്ക്കുന്നത്.