അഹമ്മദാബാദ് : ഗുജറാത്തിൽ ഏക്കാലത്തേയും ഏറ്റവും വലിയ മോട്ടോർ ക്ലെയിം (Highest Motor Claim) സെറ്റിൽമെന്‍റ് നടപ്പാക്കി ദേശീയ ലോക് അദാലത്ത് (National Lok Adalat). 5.40 കോടി രൂപയുടെ സെറ്റിൽമെന്‍റാണ് ഗുജറാത്ത് ഹൈക്കോടതിയുടെ (Gujarat High Court) നേതൃത്വത്തിൽ നടപ്പാക്കിയത്. സ്വകാര്യ കമ്പനിയിൽ ജനറൽ മാനേജരായി ജോലി ചെയ്‌തിരുന്ന ബറൂച്ച് സ്വദേശി പ്രകാശ്‌ഭായ് വഗേല 2014ൽ നറോൾ ടോൾ പ്ലാസയിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്.
തുടർന്ന് പ്രകാശിന്‍റെ കുടുംബാംഗങ്ങൾ ഇൻഷുറൻസ് കമ്പനിക്കെതിരെ ബറൂച്ച് മോട്ടോർ ക്ലെയിംസ് ട്രൈബ്യൂണലിൽ (Bharuch Motor Claims Tribunal) ക്ലെയിം ഫയൽ ചെയ്‌തിരുന്നു. ബിടെക് ബിരുദധാരിയായിരുന്ന പ്രകാശിന് പ്രതിവർഷം 31 ലക്ഷം രൂപയായിരുന്നു ശമ്പളം. ഭാര്യയും പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കളും അടങ്ങുന്ന പ്രകാശിന്‍റെ കുടുംബം ഇയാളുടെ വരുമാനത്തെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. തുടർന്ന് 2014ല്‍ കുടുംബം അന്നത്തെ ദിവസം മുതൽ ഒൻപത് ശതമാനം പലിശ നിരക്കിൽ 6.31 കോടി രൂപയുടെ ക്ലെയിം മോട്ടോർ ക്ലെയിംസ് ട്രൈബ്യൂണൽ മുമ്പാകെ സമർപ്പിച്ചു. നിരവധി തവണ ഇരുകൂട്ടരും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇൻഷുറൻസ് കമ്പനി പ്രകാശിന്‍റെ കുടുംബത്തിന് 5.40 കോടി രൂപ നൽകാമെന്ന് സമ്മതിച്ചത്.