ന്യൂഡല്‍ഹി : ഇന്ത്യയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജന്‍സി ഓഫിസുകളിലും ഒരുമാസത്തിനകം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. മാര്‍ച്ച് 29നകം സിസിടിവികള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമ നടപടികളെടുക്കുമെന്നും ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
ഉത്തരവ് ലംഘിച്ചാല്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയ്‌ക്കും അതത് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും എതിരെ നിയമ നടപടികള്‍ കൈക്കൊള്ളുമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു. ചോദ്യം ചെയ്യലിനും അറസ്റ്റിനും അധികാരമുള്ള സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി), നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എന്‍ഐഎ) തുടങ്ങിയ അന്വേഷണ ഏജന്‍സി ഓഫിസുകളില്‍ ഉള്‍പ്പടെ സിസിടിവി ക്യാമറകളും റെക്കോര്‍ഡിങ് ഉപകരണങ്ങളും സ്ഥാപിക്കാന്‍ 2020ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
കേന്ദ്രത്തിന്‍റെ മറുപടിയും ആവശ്യങ്ങളും :രാജ്യത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. സിബിഐ ആസ്ഥാനത്തും ബ്രാഞ്ച് ഓഫിസുകളിലും അടുത്ത മാസം അവസാനത്തോടെ ക്യാമറകള്‍ സ്ഥാപിക്കുമെന്നും കൂടാതെ നാര്‍ക്കോര്‍ട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, സീരിയസ് ഫ്രോഡ്‌സ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്, റവന്യൂ ഇന്‍റലിജന്‍സ് ഡയറക്‌ടറേറ്റ് എന്നിവയുടെ മുഴുവന്‍ ഓഫിസുകളും ഇത് പാലിച്ചിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. എന്‍ഐഎ സ്ഥാപനങ്ങള്‍ക്കായി സിസിടിവി ക്യാമറകള്‍ വാങ്ങുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും ക്യാമറകള്‍ സ്ഥാപിക്കുന്ന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും കേന്ദ്രം കോടതിയെ ധരിപ്പിച്ചു. ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്ത എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫിസുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ മെയ് വരെ സമയം നീട്ടി നല്‍കണമെന്നും കോടതിയോട് കേന്ദ്രം ആവശ്യപ്പെട്ടു.