ഭുവനേശ്വര്‍ :അടുത്തിടെ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം 'പുഷ്‌പ'യിലെ രംഗം മാതൃകയാക്കി മദ്യം കടത്തിയ സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. ഞായറാഴ്ച രാവിലെയാണ് സംഘത്തലവന്‍ രാജ് കുമാര്‍ അറസ്റ്റിലായത്. പൊലീസിന്‍റെ പ്രത്യേക സംഘം കഴിഞ്ഞ 11 ദിവസങ്ങളായി വിവിധ സ്ഥലങ്ങളിൽ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. ഫെബ്രുവരി 28നായിരുന്നു കേസിന് ആസ്‌പദമായ സംഭവം.
രഹസ്യ വിവരത്തെ തുടര്‍ന്ന്,റോഡരികില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ എക്‌സൈസ് പരിശോധിച്ചു. എന്നാല്‍ വാഹനത്തില്‍ കുടിവെള്ളമാണെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. ഇത് മുഖവിലക്കെടുക്കാതെ അന്വേഷണസംഘം വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് 1,070 കെയ്‌സ് അഥവാ 9224.8 ലിറ്റർ മദ്യം കണ്ടെത്തിയത്.
Also Read: ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം 'പുഷ്‌പ'യോ 'കെജിഎഫോ'!
തുടര്‍ന്ന് ട്രക്ക് പിടിച്ചെടുത്ത് ഹരിയാനയിൽ നിന്നുള്ള ബിജേന്ദ്ര, സതീഷ് നന്ദൽ എന്നിവരെ അറസ്റ്റ് ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗോഡിദിഹ ഗ്രാമത്തിൽ നിന്ന് അബിനാഷ് മോഹ്‌രന പിടിയിലായി. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തില്‍ അടിസ്ഥാനത്തിലാണ് സംഘത്തലവന്‍ രാജ്‌കുമാറിനായി തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇയാളെയും അറസ്‌റ്റ് ചെയ്‌തു.
ഇതോടെയാണ് മദ്യം കടത്തിയത് പുഷ്പ സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് പ്രതി സമ്മതിച്ചത്. രാജ് കുമാറിന്റെ സ്‌മാർട്ട് ഫോണിൽ നിന്ന് 'പുഷ്പ' സിനിമയുടെ ക്ലിപ്പിംഗുകൾ കണ്ടെത്തിയിട്ടുണ്ട്. രാജ് കുമാറും ചില കുടുംബാംഗങ്ങളും കഞ്ചാവും മദ്യവും കടത്തുന്നവരാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. തന്റെ യഥാർഥ പേര് ജഗമോഹൻ സാഹു എന്നാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.