തുമകുരു (കർണാടക): തെലുഗു ചിത്രം അരുന്ധതിയിലെ ആത്മാഹൂതി രംഗം അനുകരിച്ച് സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. തുമകുരു ജില്ലയിലെ മധുഗിരി സ്വദേശിയായ രേണുക പ്രസാദ് (23) ആണ് മരിച്ചത്.
അരുന്ധതി സിനിമ അനുകരിച്ചു, 20 ലിറ്റർ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്‌തു
20ഓളം തവണ തെലുഗു ചിത്രം അരുന്ധതി കണ്ടിട്ടുള്ള യുവാവ് തനിക്ക് ആത്മാഹൂതി ലഭിക്കുമെന്ന് കരുതിയാണ് തീകൊളുത്തി ആത്മഹത്യ ചെയ്‌തത്.
പന്ത്രണ്ടാം ക്ലാസിൽ വച്ച് പഠനം അവസാനിപ്പിച്ച രേണുക പ്രസാദ് 20ഓളം തവണ ചിത്രം കണ്ടിട്ടുണ്ടാകുമെന്ന് ബന്ധുക്കൾ പറയുന്നു. സിനിമ കാണുന്നത് നിർത്താൻ പല തവണ മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടും യുവാവ് ചെവിക്കൊണ്ടില്ല. സിനിമയിലെ കഥാപാത്രത്തെ പോലെ ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്ത് വച്ച് 20 ലിറ്റർ പെട്രോൾ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.
വഴിയാത്രക്കാരാണ് യുവാവിനെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചത്. തുടർന്ന് വിക്‌ടോറിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവിടെ വച്ച് യുവാവ് മരണത്തിന് കീഴടങ്ങി. സ്വയം തീകൊളുത്തുന്നതിന് മുൻപ് തനിക്ക് ഇത്തരത്തിൽ ആത്മാഹൂതി ലഭിക്കുമെന്ന് പിതാവിനോട് പറയുന്ന വീഡിയോയും പ്രസാദ് തയാറാക്കിയിരുന്നു.