ബെംഗളുരു: 545 പിഎസ്ഐ ഉദ്യോഗാർഥികളുടെ നിയമന നടപടികളിൽ ക്രമക്കേട് നടന്നുവെന്ന എസ്ഐ റിക്രൂട്ട്മെന്‍റ് പരീക്ഷ അഴിമതിയിൽ അന്വേഷണം ഊർജിതമാക്കി കർണാടക ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ്. അന്വേഷണത്തിന്‍റെ ഭാഗമായി കലബുറഗി ജില്ലയിലെ ബിജെപി വനിത യൂണിറ്റ് മുൻ പ്രസിഡന്‍റ് ദിവ്യ ഹഗരഗിയുടെ വീട്ടിൽ റെയ്‌ഡ് നടത്തി. ദിവ്യയുടെ നേതൃത്വത്തിലുള്ള ഗ്യാൻ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎസ്ഐ പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ചായിരുന്നു റെയ്‌ഡ്.
റെയ്‌ഡ് നടക്കുമ്പോൾ ദിവ്യ ഹഗരഗി വീട്ടിൽ ഇല്ലാതിരുന്നതിനാൽ ഭർത്താവ് രാജേഷ് ഹഗരഗിയെ സിഐഡി കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. പരീക്ഷ അഴിമതിയുമായി ബന്ധപ്പെട്ട് ദിവ്യയുടെ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ വീരേഷ് എന്ന ഉദ്യോഗാർഥി അറസ്റ്റിലായിരുന്നു. 21 മാർക്കിന് മാത്രം പരീക്ഷ എഴുതിയ ഇയാൾക്ക് പരീക്ഷ ഫലത്തിൽ 100 മാർക്ക് ലഭിക്കുകയും ഏഴാം റാങ്ക് നേടുകയും ചെയ്‌തിരുന്നു. 36 ലക്ഷം രൂപ ഇതിനായി വീരേഷ് നൽകിയെന്നാണ് ആരോപണം.
കഴിഞ്ഞ വർഷം ഒക്‌ടോബറിൽ 545 പിഎസ്ഐ തസ്‌തികകളിലേക്ക് നടന്ന പരീക്ഷയിൽ 52,000 ഉദ്യോഗാർഥികളാണ് പങ്കെടുത്തത്. പരീക്ഷയിൽ വിജയിച്ച 545 പേരിൽ 50 പേർ ടോപ്പർമാരാണെന്ന് സിഐഡി അറിയിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ച 50 പേരിൽ 45 പേർ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരായത്. ഇവരുടെ വാദം കേൾക്കൽ പുരോഗമിക്കുകയാണ്.
ഇൻവിജിലേറ്റർമാർ ഒളിവിൽ:കലബുറഗി കേന്ദ്രത്തിലെ ഇൻവിജിലേറ്റർമാർ ഉൾപ്പെടെ പലരും ഒളിവിലാണ്. തെരഞ്ഞെടുക്കപ്പെട്ട ഓരോ ഉദ്യോഗാർഥികളെയും പരിശോധിച്ച് അന്വേഷണം നടത്താനും അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനും ആഭ്യന്തരമന്ത്രി സിഐഡിക്ക് നിർദേശം നൽകിയിട്ടുണ്ട്. റായ്ച്ചൂർ സ്വദേശി പ്രവീൺ കുമാർ, റായ്ച്ചൂർ ജില്ല ജയിൽ വാർഡൻ ചേതൻ നന്ദ്ഗാവ്, പരീക്ഷ സൂപ്പർവൈസർമാരായി നിയോഗിക്കപ്പെട്ട അരുൺ, സിദ്ദമ്മ, സുമ എന്നിവർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
ദിവ്യയെ തള്ളി ബിജെപി: പരീക്ഷ ക്രമക്കേട് ഉയർന്നയുടൻ ദിവ്യയെ തള്ളി ബിജെപി. ദിവ്യയ്ക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് പാർട്ടി പത്രക്കുറിപ്പിൽ അറിയിച്ചു. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും പാർട്ടി അറിയിച്ചു. ദിവ്യ കർണാടക സ്‌റ്റേറ്റ് നഴ്‌സിങ് കൗൺസിലിലെയും കേന്ദ്ര സർക്കാരിന്‍റെ ദിശ കമ്മിറ്റിയിലെയും നോമിനേറ്റഡ് അംഗമാണെന്ന് വൃത്തങ്ങൾ പറയുന്നു.
സർക്കാരിനെതിരെ കോൺഗ്രസ്: ബിജെപി സർക്കാരിന്‍റെ 40 ശതമാനം പൊലീസ് സബ് ഇൻസ്‌പെക്ടർ റിക്രൂട്ട്‌മെന്‍റ് നടപടികളും അഴിമതി നിറഞ്ഞതാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ 300ലധികം പേർ ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും 80 ലക്ഷം വീതം കൈക്കൂലി നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു.
ബിജെപി ഭാരവാഹികൾ അറസ്റ്റിലാണ്. ചിലർ സർക്കാരിന്‍റെ സഹായത്തോടെ ഒളിവിലാണ്. കൈക്കൂലി നൽകിയവരുടെ കാര്യത്തിൽ മാത്രമാണ് ബിജെപി സർക്കാരിന് താൽപര്യമുള്ളത്. മറ്റുള്ളവരുടെ ഭാവി അപകടത്തിലാകുന്നതിൽ സർക്കാരിന് കുഴപ്പമില്ല. പരീക്ഷ എഴുതിയ 52,000ത്തോളം പേരുടെ സർക്കാർ ജോലി എന്ന ആഗ്രഹമാണ് സർക്കാർ ഇല്ലാതാക്കിയതെന്നും കോൺഗ്രസ് ആരോപിക്കുന്നു.