ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് നാടിന് സമര്‍പ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. മുൻ സർക്കാരുകൾ നൽകിയ സംഭാവനകൾ തള്ളിക്കളഞ്ഞ് ക്രെഡിറ്റ് നേടാനുള്ള ശ്രമം കാപട്യമാണ്. 2013 ഓഗസ്റ്റിൽ മുൻ പ്രതിരോധ മന്ത്രി എകെ ആന്‍റണി ഐഎൻഎസ് വിക്രാന്ത് നീറ്റിലിറക്കുന്നതിന്‍റെ വീഡിയോ, പങ്കുവച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
'എടുത്തത് 22 വര്‍ഷം, എന്നിട്ടിപ്പോള്‍..!':''വിമാനവാഹിനിക്കപ്പൽ കമ്മിഷൻ ചെയ്‌ത സമയം, മോദി സർക്കാർ അധികാരത്തില്‍ വന്നതേ ഉണ്ടായിരുന്നുള്ളൂ. ഇതുമായി ബന്ധപ്പെട്ട് മോദി സർക്കാര്‍ ഒന്നും ചെയ്‌തിട്ടില്ല. വാസ്‌തവത്തിൽ, ഐഎൻഎസ് വിക്രാന്ത് വർഷങ്ങൾക്ക് മുന്‍പ് എകെ ആന്‍റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ നീറ്റിലിറക്കിയതാണ്'', ജയ്‌റാം രമേശ് വാര്‍ത്ത ഏജന്‍സിയോട് വ്യക്തമാക്കി.
രൂപകല്‍പന ചെയ്യാനും, നിർമിക്കാനും, പരീക്ഷണം നടത്താനും, നീറ്റിലിറക്കാനും ഒടുവിൽ ഇന്ന് കമ്മിഷൻ ചെയ്യാനും വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 22 വര്‍ഷമാണെടുത്തത്. മോദി സർക്കാർ കപ്പൽ കമ്മിഷൻ ചെയ്യുകയാണ് ഉണ്ടായത്. എന്നാലിപ്പോള്‍, ഐഎന്‍എസ് വിക്രാന്തിന്‍റെ ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
'കരുത്തുകാട്ടിയ നേട്ടം':മോദിയുടേത് കാപട്യമാണ്. അത് അദ്ദേഹത്തിന്‍റെ സവിശേഷതയാണ്. ഐഎഎന്‍സിന്‍റെ ക്രെഡിറ്റ് മുൻ സർക്കാരുകളുടേതും ഇന്ത്യൻ നാവികസേന, ശാസ്‌ത്രജ്ഞർ, എന്‍ജിനീയർമാർ, കപ്പൽശാലയിലെ തൊഴിലാളികൾ എന്നിവരുടേതുമാണ്. ഇത് രാജ്യത്തിന്‍റെ കരുത്തുകാട്ടുന്ന ഒരു നേട്ടമാണ്. മുൻ സർക്കാരുകൾ നൽകിയ സംഭാവനകൾ അംഗീകരിക്കാത്തത് മോദിയുടെ ഒരു 'സവിശേഷതയാണ്'." കോൺഗ്രസ് പാര്‍ട്ടി കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറിയുമായ ജയ്‌റാം രമേശ് കൂട്ടിച്ചേർത്തു.
ALSO READ|അഭിമാനത്തോടെ രാജ്യം, കടലില്‍ കരുത്താകാൻ ഐഎൻഎസ് വിക്രാന്ത്: രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി