മഹാരാഷ്‌ട്രയില്‍ ബിജെപി മന്ത്രിയുടെ മുഖത്തേക്ക് മഷിയൊഴിച്ചു ന്യൂഡല്‍ഹി :ഡോ.ബി ആര്‍ അംബേദ്‌കര്‍, ജ്യോതിബ ഫൂലെ എന്നിവരെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബിജെപി നേതാവും മഹാരാഷ്‌ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീലിന് നേരെ മഷിയാക്രമണം. ശനിയാഴ്‌ച വൈകുന്നേരം ചിഞ്ച്‌വാഡിലെ ഒരു പാര്‍ട്ടി നേതാവിന്‍റെ വീട്ടിലെത്തി മടങ്ങുന്നതിനിടെയാണ് മന്ത്രിക്ക് നേരെ ഒരു സംഘം മഷിയൊഴിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഔറാംഗബാദിന് സമീപമുള്ള പൈതാനിലെ ഒരു സ്‌കൂള്‍ പരിപാടിക്കിടെ പാട്ടീല്‍ നടത്തിയ പ്രസ്‌താവനയില്‍ പ്രകോപിതരായവരാണ് ആക്രമണം നടത്തിയത്. സ്‌കൂളുകള്‍ ആരംഭിക്കാന്‍ ജ്യോതിബ ഫൂലെ, ബി ആര്‍ അംബേദ്‌കര്‍ എന്നിവര്‍ ഭിക്ഷയാചിച്ചു എന്നായിരുന്നു ചന്ദ്രകാന്ത് പാട്ടീലിന്‍റെ പ്രസ്‌താവന. എന്നാല്‍ നേതാക്കളെ മന്ത്രി അവഹേളിച്ചെന്ന് പ്രചരിച്ചതിന് പിന്നാലെ, സംഭാവനകളില്‍ നിന്ന് സ്വരൂപിച്ച പൊതുപണം കൊണ്ടാണ് ഇവര്‍ സ്‌കൂളുകള്‍ സ്ഥാപിച്ചതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് പാട്ടീല്‍ വ്യക്തമാക്കി.
അതേസമയം മഷിയൊഴിച്ച സംഭവം തന്നെ കാര്യമായി ബാധിച്ചിട്ടില്ലെന്നും പാട്ടീല്‍ പറഞ്ഞു. എന്‍റെ മുഖത്ത് മഷി തെറിച്ചതുകൊണ്ട് ഒന്നും സംഭവിക്കില്ല. അത് എന്നെ ബാധിക്കുന്ന ഒന്നല്ല, ഞാന്‍ അവിടെ നിന്ന് ഷര്‍ട്ട് മാറ്റിയ ശേഷം മുന്നോട്ടുനീങ്ങി.
തനിക്കെതിരെ നടന്നത് രാഷ്‌ട്രീയ പ്രേരിതമായ ആക്രമണം ആണ്. പ്രതിഷേധങ്ങള്‍ നടത്തുന്നത് ജനാധിപത്യപരമായി ആയിരിക്കണം. എന്‍സിപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സംഭവത്തെ അപലപിക്കുമോയെന്നും മന്ത്രി ചോദിച്ചു.
മന്ത്രിക്കെതിരെ നടന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞതിന്‍റെ അര്‍ഥം ആളുകള്‍ കൃത്യമായി മനസിലാക്കണം. ബി ആര്‍ അംബേദ്‌കര്‍, ജ്യോതിബ ഫൂലെ തുടങ്ങിയ മഹാന്മാരൊന്നും പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാരില്‍ നിന്ന് ഫണ്ട് ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് ഇതിനര്‍ഥം എന്നും ഫഡ്‌നാവിസ് പറഞ്ഞു.