ഹൈദരാബാദ്: ഇംഗ്ലീഷും ഹിന്ദിയും അറിയാത്ത യാത്രക്കാരിയെ സീറ്റ് മാറ്റിയിരുത്തിയ സംഭവത്തിൽ ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ പ്രതിഷേധം ഉയരുന്നു. വിഷയത്തിൽ വിമാനക്കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായി തെലങ്കാന ഐടി, വ്യവസായ വകുപ്പ് മന്ത്രി കെടി രാമറാവു രംഗത്തെത്തി. സെപ്റ്റംബർ 16ന് വിജയവാഡയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ 6E 7297 വിമാനത്തിൽ തെലുഗ് മാത്രം അറിയാവുന്ന യാത്രക്കാരിയെ സീറ്റ് മാറ്റിയിരുത്തിയെന്നാണ് ആരോപണം.
ട്വിറ്ററില്‍ വന്ന വിവരങ്ങൾ: എക്‌സിറ്റിന് സമീപത്തെ 2 എ സീറ്റിൽ നിന്ന് 3 സി സീറ്റിലേക്ക് യുവതിയെ വിമാന ജീവനക്കാർ മാറ്റിയിരുത്തി. വിമാന ജീവനക്കാർ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം നിർദേശങ്ങൾ നൽകിയതിനാൽ ഭാഷ മനസിലാക്കാത്ത യാത്രക്കാരി സീറ്റ് മാറിയിരിക്കാൻ നിർബന്ധിത ആകുകയായിരുന്നുവെന്ന് സഹയാത്രക്കാരിയായ ദേവസ്‌മിത ചക്രവർത്തി ട്വിറ്ററിൽ കുറിച്ചു.
ആന്ധ്രാപ്രദേശില്‍ നിന്ന് തെലങ്കാനയിലേക്കുള്ള വിമാനത്തില്‍ തെലുങ്കില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നില്ല. ഹിന്ദിയും ഇംഗ്ലീഷും മനസിലാകാത്തത് സുരക്ഷ പ്രശ്‌നമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഹിന്ദി സംസാരിക്കാത്തവരെ അവരുടെ സംസ്ഥാനങ്ങളില്‍ പോലും രണ്ടാംതരക്കാര്‍ ആക്കാനാണ് ശ്രമിക്കുന്നതെന്നും വീഡിയോ പങ്കുവച്ച ദേവസ്‌മിത ചക്രവര്‍ത്തി പറഞ്ഞു.
ഇൻഡിഗോയുടെ മറുപടി:പ്രാദേശിക വൈവിധ്യത്തെ മാനിക്കുകയും പക്ഷപാതമോ മുൻവിധിയോ കൂടാതെ രാജ്യത്തെ സേവിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇൻഡിഗോ ഞായറാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. "രാജ്യത്തെ വ്യത്യസ്‌ത ഭാഷകൾ സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള ജീവനക്കാരെ ഞങ്ങൾ നിയമിക്കാറുണ്ട്. എന്നാൽ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമം എന്ന നിലയിൽ ഒരു വിമാനത്തിലുള്ള ക്രൂ അംഗങ്ങൾക്ക് മനസിലാകുന്ന ഭാഷയിലാണ് ഞങ്ങൾ അറിയിപ്പുകൾ നൽകുന്നത്" ഇൻഡിഗോ വ്യക്തമാക്കി.
ഇൻഡിഗോ പ്രാദേശിക ഭാഷകളെ ബഹുമാനിക്കാൻ പഠിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തമിഴ്, തെലുഗ്, കന്നട അടക്കമുള്ള പ്രാദേശിക ഭാഷകൾ കൈകാര്യം ചെയ്യുന്ന കൂടുതൽ സ്റ്റാഫിനെ നിയമിക്കുകയാണ് വിമാനക്കമ്പനി ചെയ്യേണ്ടതെന്ന് ട്വീറ്റിന് മറുപടിയായി തെലങ്കാന മന്ത്രി കെടി രാമറാവു പറഞ്ഞു.