ന്യൂഡൽഹി:മാസത്തിൽ നാല് ദിവസം ജീവനക്കാർക്ക് നിർബന്ധിത അവധി നിർദേശിച്ച് രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇൻ്റർ ഗ്ലോബ് ഏവിയേഷൻ്റെ നേതൃത്വത്തിലുള്ള ഇൻഡിഗോ. സെപ്‌തംബർ വരെയാണ് നിർബന്ധിത അവധി നിർദേശം നൽകിയിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.
Read more: കൊവിഡ് : വിമാന നിരക്ക് 15 ശതമാനം വർധിപ്പിച്ച് കേന്ദ്രം
പൈലറ്റുമാർക്ക് മാസത്തിൽ മൂന്ന് ദിവസമാണ് അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയിട്ടുള്ളത്. ഇന്ന് മുതൽ അടുത്ത മൂന്ന് മാസത്തേക്കാണ് പൈലറ്റുമാർക്കുള്ള നിർബന്ധിത അവധി നിർദേശം. ജോലി സമയം അനുസരിച്ച് ശമ്പളം നിശ്ചയിക്കാനും തീരുമാനിച്ചതായും അധികൃതർ അറിയിച്ചു. മേയ് മാസത്തെ മുഴുവൻ ശമ്പളവും ലഭിക്കുമെന്നും ജൂൺ മുതലാകും തീരുമാനം പ്രാബല്യത്തിൽ വരികയെന്നും കമ്പനി അറിയിച്ചു.
ആഭ്യന്തര വിമാന സർവിസ് 50 ശതമാനമായി കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര വിമാനക്കമ്പനികളുടെ ശമ്പളം വെട്ടിക്കുറക്കുമെന്ന പ്രഖ്യാപനവും ഉണ്ടായത്. അതേസമയം 80 ശതമാനം പൈലറ്റുമാരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചതായി എയർലൈൻ അധികൃതർ അറിയിച്ചു.