ജിദ്ദ (സൗദി അറേബ്യ): സുഡാനിൽ നിന്ന് ഒഴിപ്പിച്ച 231 ഇന്ത്യക്കാരുമായി ജിദ്ദയിൽ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട് ഇൻഡിഗോ വിമാനം. ഓപ്പറേഷൻ കാവേരിയിൽ ഇൻഡിഗോയും ഭാഗമായി എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ അറിയിച്ചു. 'ഓപ്പറേഷൻ കാവേരി'യുടെ ഭാഗമായി ഇതുവരെ 2,100 ഇന്ത്യക്കാരെ ജിദ്ദയിൽ എത്തിച്ചതായി വി മുരളീധരൻ വ്യക്തമാക്കി.
'ഓപ്പറേഷൻ കാവേരി പ്രകാരം സംഘർഷം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിൽ പങ്കെടുക്കാൻ എയർലൈൻസ് നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഇൻഡിഗോ ഓപ്പറേഷൻ കാവേരിയിൽ ചേർന്നു. ജിദ്ദയിൽ നിന്ന് 231 പേരുമായി വിമാനം ന്യൂഡൽഹിയിലേക്ക് തിരിച്ചു. ഏകദേശം 1600 പേർ ഇതിനോടകം ഇന്ത്യയിലെത്തി. ദൗത്യം തുടരുകയാണ്' -വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ട്വീറ്റ് ചെയ്‌തു. സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ ദൗത്യത്തെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഇൻഡിഗോ വ്യക്തമാക്കി.
അതേസമയം, പോർട്ട് സുഡാനിൽ നിലയുറപ്പിച്ചിരിക്കുന്ന ഐഎൻഎസ് സുമേധ 300 യാത്രക്കാരുമായി ജിദ്ദയിലേക്ക് തിരിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. ഐഎൻഎസ് സുമേധയുടെ 13-ാമത്തെ ബാച്ചാണ് ജിദ്ദയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. തലസ്ഥാനമായ ഖാർത്തൂമിലും പടിഞ്ഞാറൻ ഡാർഫൂർ മേഖലയിലും നടക്കുന്ന അക്രമങ്ങൾക്കിടയിൽ വെടിനിർത്തൽ നീട്ടാൻ സുഡാൻ സൈന്യവും അർധസൈനിക ദ്രുതകർമ സേനയും (ആര്‍എസ്‌എഫ്) ധാരണയായതിനെ തുടർന്നാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ശക്തമാക്കിയത്. ഇന്ത്യൻ എയർഫോഴ്‌സ് സി-130 ജെ 135 യാത്രക്കാരുള്ള 10, 11 ബാച്ചുകളെ പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലേക്ക് ഒഴിപ്പിച്ചു.