ന്യൂഡൽഹി: വീടുകൾ തോറുമുള്ള ബാഗേജ് ഡെലിവറി സേവനം ലഭ്യമാക്കുന്നതിനായി ഓൺ-ഡിമാൻഡ് പ്ലാറ്റ്‌ഫോമായ കാർട്ടർപോർട്ടറുമായി പങ്കാളിത്തമുണ്ടാക്കിയെന്ന് പ്രമുഖ എയർലൈൻ കമ്പനി ഇൻഡിഗൊ.
ഏപ്രിൽ ഒന്നിന് ന്യൂഡൽഹിയിലും ഹൈദരാബാദിലും എയർലൈൻ സർവീസ് ആരംഭിച്ച ഇൻഡിഗൊ മുംബൈയിലും ബെംഗളൂരുവിലും ഉടനെ തന്നെ സർവീസ് ആരംഭിക്കും. ഒരു ഭാഗത്തേക്കുള്ള സർവീസിന് 630 രൂപയാണ് ഈടാക്കുന്നതെന്ന് എയർലൈൻ അറിയിച്ചു. ഫ്ലൈറ്റ് പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് എപ്പോൾ വേണമെങ്കിലും ഈ സേവനം ലഭ്യമാകും.
ഈ സേവനം വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് അധിക ബാഗേജുകളുമായി യാത്ര ചെയ്യേണ്ടിവരുന്നവർക്കും, ബാഗുകൾ വഹിക്കാതെ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് മീറ്റിംഗിന് പോകാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കും ആശ്വാസം പകരുമെന്ന് ഇൻഡിഗൊ ചീഫ് സ്ട്രാറ്റജി റവന്യൂ ഓഫീസർ സഞ്ജയ് കുമാർ പറഞ്ഞു.
കാർട്ടർപോർട്ടറുമായുള്ള പങ്കാളിത്തത്തിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ബാഗേജ് വീടുതോറും കൈമാറ്റം ചെയ്യപ്പെടുന്നതിനാൽ അവർക്ക് തടസമില്ലാത്ത യാത്ര അനുഭവിക്കാൻ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.